പൂനൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മത - സാമൂഹ്യ - സാംസ്‌കാരിക മേഖലയിലെ നിറസാന്നിദ്ധ്യവുമായിരുന്ന ചേപ്പാല സി.അബ്ദുൽ അസീസ് (60) നിര്യാതനായി. കൊവിഡ് ബാധിതനായി ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. മുപ്പത് വർഷത്തിലേറെ കണ്ണൂർ ജില്ലയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് വിരമിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യൂ.ഐ.പി, അദ്ധ്യാപക പ്ലാനറ്റേറിയം ഗവേണിംഗ് ബോഡി തുടങ്ങിയവയിൽ അംഗമായിരുന്നു. റിട്ട. അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയാണ്. മർകസ് നോളജ് സിറ്റിയിലെ ക്വീൻസ് ലാൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായിരുന്നു. ചേപ്പാല മഹല്ല് കമ്മിറ്റി ജോയിന്റ് സെക്രട്ടറി, ഉണ്ണികുളം പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലർ, മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പരേതനായ ഉണ്ണിമോയി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കൾ: അർഷാദ്, അസ്ലം, നജ്ല. മരുമക്കൾ: നിസാർ (ആനവാതുക്കൽ), സഫ്ന, ജസ്‌ന. സഹോദരങ്ങൾ: സി.പി അബ്ദുള്ള , അബ്ദുറഹിമാൻ, മുഹമ്മദ്, ഹക്കീം, ജലീൽ, മറിയ.
ഖബറടക്കം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കാന്തപുരം മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.