കോഴിക്കോട് : പെരുവയൽ ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ലഭ്യതക്ക് സംവിധാനമായി. പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കുന്നതിന് തടസമായി നിന്ന കറുത്തേടത്ത് കടവ് ഇന്റർ കണക്ഷൻ പ്രവൃത്തി പൂർത്തീകരിച്ച് കമ്മീഷൻ ചെയ്തതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു.
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പെരുവയൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെ അതിർത്തി വരെ എത്തിച്ച കുടിവെള്ളം പെരുവയൽ പഞ്ചായത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചിരുന്നില്ല.
കുറിഞ്ഞേടത്ത്പാലത്ത് പൈപ്പ് ലൈനുകൾ പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കാതിരുന്നതായിരുന്നു കാരണം. പെരുമണ്ണ, പെരുവയൽ പഞ്ചായത്തുകളിലെ പൈപ്പ് ലൈനുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിന് പുതിയ പദ്ധതി തയ്യാറാക്കുകയും ആവശ്യമായ തുക വകയിരുത്തുകയും ചെയ്തതോടെയാണ് കുടിവെള്ളക്ഷാമം നേരിടുന്ന പെരുവയൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാൻ സാധിച്ചതെന്ന് എം.എൽ.എ പറഞ്ഞു.