b
മാതൃശിശുസംരക്ഷണ കേന്ദ്രത്തിന് മുൻപിൽ വെള്ളം കെട്ടിക്കിടക്കുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലേക്കാണെങ്കിൽ നീന്താനറിയൽ നിർബന്ധം!. അത്രമാത്രം വെളളക്കെട്ടാണ് പ്രവേശന കവാടത്തിൽ. മഴയൊന്ന് കനത്തുപെയ്താൽ ആശുപത്രി പരിസരം വെളളത്തിൽ മുങ്ങും. ഇതുമൂലം ഏറെ പ്രയാസപ്പെടുകയാണ് രോഗികളും കൂടെയെത്തുന്നവരും. മഴവെള്ളം ഒഴുകിപ്പോകാൻ നിർമ്മിച്ച ഓടകളെല്ലാം അടഞ്ഞതാണ് ഈ ദുരവസ്ഥയ്ക്ക് ഇടയാക്കിയത് . കഴിഞ്ഞ ദിവസം കെട്ടിക്കിടന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് ഒഴുക്കിക്കളയുകയായിരുന്നു. വെള്ളക്കെട്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ ആടിയുലഞ്ഞാണ് ഗ‌‌ർഭിണികളെയും കൊണ്ടുളള വാഹനങ്ങൾ ആശുപത്രിയിൽ എത്തുന്നത്. ആശുപത്രിയിലെ ഒ.പി കെട്ടിടത്തിന് ചുറ്റും വെള്ളം കെട്ടിനിൽക്കുന്നതാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്.

ആശുപത്രി മുറ്റത്ത് ടൈൽ വിരിച്ചിട്ടുണ്ടെങ്കിലും ഗേറ്റ് കടന്നാൽ മുട്ടോളം വെള്ളമാണ്. പലയിടത്തും ടൈൽ അമർന്ന് കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഓടകളിൽ നിന്നുള്ള മലിനജലം ആശുപത്രി മുറ്റത്തെ വെളളക്കെട്ടിൽ കലരുന്നതും ഭീഷണിയായിട്ടുണ്ട്. സമീപത്തെ മരങ്ങളിലെ ഇലകൾ വെളളത്തിൽ വീണ് അഴുകുന്നതിനാൽ പരിസരത്താകെ ദുർഗന്ധമാണ്. കൊതുക് ശല്യവും രൂക്ഷമായിട്ടുണ്ട്. സന്ധ്യ കഴിഞ്ഞാൽ ഒ.പി കെട്ടിടത്തിന് സമീപം നിൽക്കാൻ കഴിയാത്ത അവസ്ഥ. സമീപത്തെ വിശ്രമ കേന്ദ്രം ചോർന്നൊലിക്കുന്ന നിലയിലാണ്. കൊവിഡ് ഭീതിക്കിടയിലും ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് പുരുഷന്മാരടക്കം വിശ്രമിക്കുന്നത്.