കോഴിക്കോട് : മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി പുനർഗേഹം പദ്ധതിയിൽ വെസ്റ്റ് ഹില്ലിൽ നിർമ്മിക്കുന്ന നിർദ്ദിഷ്ട ഫ്ലാറ്റ് സമുച്ചയ സ്ഥലം ഫിഷറീസ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.
വെസ്റ്റ്ഹിൽ മിലിറ്ററി ബാരക്‌സിനും വിക്രം മൈതാനത്തിനും സമീപം വീടുപണിയാനും അറ്റകുറ്റപ്പണിക്കും സൈനിക അധികൃതരുടെ എൻ.ഒ.സി വേണമെന്ന പ്രശ്‌നം നിലനിൽക്കുന്നതിനാൽ നിർമ്മാണ പ്രവർത്തികൾ നിർത്തി വെച്ചിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കുന്നതിന് ഉന്നതതലയോഗം വിളിച്ചു ചേർക്കുമെന്ന് മന്ത്രി പറഞ്ഞു. ചീഫ് ടൗൺ പ്ലാനർ, കോർപ്പറേഷൻ മേയർ, സെക്രട്ടറി എന്നിവർ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് യോഗം ചേരാനാണ് തീരുമാനിച്ചത്. വെസ്റ്റ്ഹിൽ ഫിഷറീസ് ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന ഭൂമിയിൽ 80 ഫ്‌ളാറ്റുകൾ നിർമ്മിക്കുന്നതിനായി ഓരോ ഫ്ലാറ്റിനും പത്ത് ലക്ഷം എന്ന കണക്കിൽ എട്ട് കോടി രൂപയാണ് അനുവദിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാരിൽ നിന്നും ഭരണാനുമതി ലഭിച്ചതാണ്.
കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, കൗൺസിലർമാരായ വി.കെ മോഹൻദാസ്, എം.കെ മഹേഷ്, തീരദേശ വികസന കോർപ്പറേഷൻ എം,ഡി ഷെയ്ഖ് പരീദ്, മുൻ എം.എൽ.എ എ. പ്രദീപ്കുമാർ, കെ.എസ്.സി.എ.ഡി.സി ചീഫ് എൻജിനിയർ എം.എ മുഹമ്മദ് അൻസാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ തുടങ്ങിയവർ പങ്കെടുത്തു.