കോഴിക്കോട്: കൊവിഡിൽ ക്ളാസുകൾ മുടങ്ങിയതോടെ പി.ജി ഡോക്ടർമാരുടെ ഭാവി തുലാസിൽ. മൂന്ന് വർഷത്തെ പി.ജി കോഴ്സ് കൊവിഡ് ഡ്യൂട്ടി മാത്രമായതോടെ പഠിച്ചിറങ്ങിയാൽ എന്തുചെയ്യുമെന്ന ആശങ്കയാണ് ഇവർ പങ്കുവയ്ക്കുന്നത്. തിയറി ക്ലാസുകൾക്കൊപ്പം പ്രാക്ടിക്കൽ ക്ളാസും ലഭിക്കേണ്ട വിദ്യാർത്ഥികൾക്ക് ഓൺലെെൻ വഴി തിയറി മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. അതും കുറഞ്ഞ സമയം. മുഴുവൻ സമയവും കൊവിഡ് ഡ്യൂട്ടി ചെയ്യേണ്ടുന്ന സാഹചര്യമാണ് ഭൂരിഭാഗം പി.ജി വിദ്യാർത്ഥികളും.
കൊവിഡ് വ്യാപനത്തോടെ 2020 മാർച്ച് മുതലാണ് ഇവരുടെ ക്ലാസുകൾ മുടങ്ങുന്നത്. എട്ടു മാസം കഴിഞ്ഞ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും പ്രാക്ടിക്കൽ ക്ലാസിന് തീരുമാനമായില്ല. സർജിക്കൽ വിഭാഗത്തിലെ വിദ്യാർത്ഥികളാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. അവസാന വർഷത്തിൽ സ്വയം സർജറി ചെയ്ത് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരാവേണ്ട വിദ്യാർത്ഥികൾ പ്രാക്ടിക്കൽ ക്ലാസ് മുടങ്ങിയതിൽ നിരാശരാണ്. ആശുപത്രിയിൽ കൊവിഡ് രോഗികൾ മാത്രമായതിനാൽ മറ്റ് രോഗികളെ കാണാനുളള അവസരവും ഇവർക്കില്ല. നേരത്തെ ഒരു മാസത്തോളം ഒരു വാർഡിൽ രോഗികളെ നിരീക്ഷിച്ച് പഠിക്കാൻ അവസരമുണ്ടായിരുന്നു. മെഡിക്കൽ കോളേജിലെ 24 വിഭാഗങ്ങളിലായി 215 പി.ജി വിദ്യാർത്ഥികളാണുള്ളത്.
ആയിരക്കണക്കിന് ശസ്ത്രക്രിയകൾ നടന്നിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇപ്പോൾ അത്യാഹിത വിഭാഗത്തിലും അടിയന്തര സ്വഭാവമുള്ളതുമായ ശസ്ത്രക്രിയകൾ മാത്രമാണ് നടക്കുന്നത്. കാൻസർ ഉൾപ്പെടെ പല രോഗങ്ങളുടെ ചികിത്സയും മുടങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ കൊവിഡ് ചികിത്സയുടെ പകുതി ജില്ലാ, താലൂക്ക്, പ്രാഥമിക കമ്മ്യൂണിറ്റി ആശുപത്രികളിലേക്ക് മാറ്റുകയും മറ്റ് ചികിത്സാ മേഖലകൾക്ക് പ്രാധാന്യം നൽകുകയും ചെയ്താൽ പഠനത്തിനായി കൂടുതൽ അവസരം കിട്ടുമെന്നാണ് പി.ജി ഡോക്ടർമാർ പറയുന്നത്. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും അനുകൂല മറുപടിയൊന്നും ഉണ്ടായില്ലെന്ന് മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.
ഓഫും ഇൻസെന്റീവും ഇല്ല
24 മണിക്കൂറും കൊവിഡ് ഡ്യൂട്ടി ചെയ്യേണ്ടതിനാൽ പി.ജി വിദ്യാർത്ഥികൾക്ക് മാസങ്ങളായി ഓഫ് ലഭിക്കാറില്ല. തമിഴ് നാട്ടിലും കർണാടകയിലും മാസത്തിൽ കൊവിഡ് അലവൻസും റിസ്ക് അലവൻസും നൽകുന്നുണ്ടെങ്കിലും മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് അതുമില്ല. ഇതിനായി നൽകിയ അപേക്ഷ ഫയലിൽ കിടക്കുകയാണ്.
''മൂന്ന് വർഷത്തെ പി.ജി കോഴ്സ് കഴിഞ്ഞിറങ്ങുന്ന ഞങ്ങൾക്ക് കൊവിഡ് കേസുകൾ മാത്രമായിരിക്കും കൈയിലുണ്ടാവുക. ഓൺലൈൻ തിയറി ക്ലാസുകൾ മുടങ്ങാതെ നടക്കുന്നുണ്ടെങ്കിലും പ്രാക്ടിക്കൽ ക്ലാസില്ലാതെ കോഴ്സ് പൂർത്തിയാക്കാൻ കഴിയില്ല. ഭാവി എന്താകുമോയെന്ന ആശങ്കയുമുണ്ട് ''
മെഡിസിൻ വിദ്യാർത്ഥി