​ഫറോക്ക്: ​കുണ്ടായിത്തോട് റെയിൽ അടിപ്പാത നിർമ്മാണം ഉടൻ ആരംഭിക്കാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നേരത്തെ അനുമതിയായ പദ്ധതി, സാങ്കേതിക തടസങ്ങളാലാണ് വൈകിയത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2,9764 171 രൂപ ചെലവിട്ടാണ് നിർമ്മാണം.ഈ തുക പൊതുമരാമത്ത് വകുപ്പ് റെയിൽവെയ്ക്ക് കൈമാറും . നിർമ്മാണ ചുമതല റെയിൽവെയുടെ വർക്ക്സ് വിഭാഗത്തിനാണ് . നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കാലതാമസമില്ലാത്ത അടിപ്പാതയുടെ നിർമ്മാണം ആരംഭിക്കുവാനും സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്നും പദ്ധതി സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി അറിയിച്ചു.റെയിൽവേ നേരത്തെ തയ്യാറാക്കിയ എസ്റ്റിമേറ്റിന് പകരമാണ് പുതുക്കിയ എസ്റ്റിമേറ്റ് . റെയിൽവേയ്ക്ക് 4,58 764 രൂപ സെൻ്റേജ് ചാർജും നേരത്തെ അടച്ചിട്ടുണ്ട്. ഷൊർണ്ണൂർ - മംഗലാപുരം റെയിൽവെ ലൈനിൽ ഫറോക്കിനും കല്ലായിക്കുമിടയിൽ കുണ്ടായിത്തോട് ഭാഗത്താണ് അടിപ്പാത നിർമ്മിക്കുന്നത്.സി.പി.എം ഫറോക്ക് ഏരിയ സെക്രട്ടറി എം ഗിരീഷ് ,ഏരിയ കമ്മിറ്റി അംഗം ഐ​ ​പി മുഹമ്മദ്,ലോക്കൽ സെക്രട്ടറി സി.എം ഷാഫി ,ലോക്കൽ കമ്മിറ്റി അംഗം സി.വി മുഹമ്മദ് സാലിഹ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു .