vehicle

 റോഡരികിലെ പഴകിയ വാഹനങ്ങൾ

നീക്കം ചെയ്യാൻ കളക്ടറുടെ നിർദ്ദേശം

കോഴിക്കോട് : അപകട ഭീഷണി ഉയർത്തി റോഡരികുകളിൽ കാലങ്ങളായി നിർത്തിയിട്ട വാഹനങ്ങൾ നീക്കാൻ നടപടി. വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങളും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും റോഡരികുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും മാറ്റാനാണ് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങളിൽ നിന്ന് ഇത്തരം വാഹനങ്ങൾ നീക്കം ചെയ്യണമെന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തെ തുടർന്നാണ് കളക്ടറുടെ ഇടപെടൽ.

റോഡരികിലും മറ്റ് പൊതു സ്ഥലങ്ങളിലും വാഹനങ്ങൾ ദീർഘകാലം നിർത്തിയിടുന്നത് നിരവധി അപകടങ്ങൾക്ക് കാരണമായിരുന്നു. ഗതാഗതത്തിനും കാൽനടയാത്രയ്ക്കും ബുദ്ധിമുട്ടായതോടെ പരാതികളും ഉയർന്നു. വളവുകളിലും തിരിവുകളിലും നിറുത്തിയിടുന്ന വാഹനങ്ങൾ ദൂരക്കാഴ്ചയെ ബാധിക്കുന്നതിനായാണ് വാഹന യാത്രക്കാരുടെ പ്രധാന പരാതി. ജില്ലയിൽ നിരവധി റോഡപകടങ്ങളാണ് ഇതുമൂലം ഉണ്ടായത്. വാഹനങ്ങളുടെ ബാറ്ററികൾ, ടയറുകൾ, പെയിന്റ്, മറ്റ് ഭാഗങ്ങൾ എന്നിവ മണ്ണിൽ ലയിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നതായും തെളിഞ്ഞിരുന്നു. റോഡിന് വശങ്ങളിലായി ഉപേക്ഷിക്കപ്പെട്ട എല്ലാ വാഹനങ്ങളും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ സബ് കളക്ടർ, വടകര റവന്യൂ ഡിവിഷണൽ ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി. ചെലവുകൾ റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് വഹിക്കും.

ജപ്തി ചെയ്‌തെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ തഹസിൽദാർമാർ കണ്ടെത്തണം. വാഹനങ്ങൾ മാറ്റുന്നതിനു മുമ്പ് വിശദമായ മഹസർ പൊലീസ് സബ് ഇൻസ്‌പെക്ടർ തയ്യാറാക്കും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ റിപ്പോർട്ടുകൾ അവ നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് സമർപ്പിക്കും. പിടിച്ചെടുത്തതും കണ്ടുകെട്ടിയതുമായ വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നീക്കം ചെയ്തുവെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ ഉറപ്പാക്കണം. ആവശ്യമായ സഹായം നൽകാൻ ജില്ലാ പൊലീസ് മേധാവിമാരോടും നിർദ്ദേശിച്ചു.