1

മുക്കം: എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് തിരുവമ്പാടിയിൽ തുടക്കം. 2024 ഓടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലമെത്തിക്കാൻ വിഭാവനം ചെയ്യുന്ന ജൽ ജീവൻ മിഷൻ പദ്ധതി തിരുവമ്പാടി മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലാണ് തുടങ്ങുന്നത്. ആദ്യ ഘട്ടത്തിൽ കൊടിയത്തൂർ, കാരശ്ശേരി, കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തിൽ കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. കാരശ്ശേരി പഞ്ചായത്തിൽ 40 ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള ടാങ്കിലേക്ക് കൂളിമാട് വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള പമ്പിംഗ് സ്റ്റേഷനിൽനിന്നാണ് ശുദ്ധീകരിച്ച ജലം എത്തിക്കുക. ഇവിടെനിന്നു കാരശ്ശേരി,കൊടിയത്തൂർ പഞ്ചായത്തുകളിലും തിരുവമ്പാടി ആൻസില്ല ഭവൻ കുന്നിലും കൂടരഞ്ഞി ഗോൾഡൻ ഹിൽ കുന്നിലും നിർമ്മിക്കുന്ന ടാങ്കുകളിലും വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ആദ്യഘട്ട പദ്ധതിക്ക് 242.6 കോടി രൂപയുടെ അടങ്കൽ അംഗീകരിച്ചു. 50% കേന്ദ്രസർക്കാർ, 20% ശതമാനം സംസ്ഥാന സർക്കാർ,15% തദ്ദേശഭരണസ്ഥാപനങ്ങൾ,10% ഗുണഭോക്താക്കൾ എന്നിങ്ങനെയാണ് ഫണ്ട് വിഹിതം. ടാങ്കുകൾക്കുള്ള സ്ഥലവും തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. രണ്ടാംഘട്ടത്തിൽ ചാത്തമംഗലം പഞ്ചായത്തിലെ തണ്ണിക്കോട് മലയിൽ സ്ഥാപിക്കുന്ന പ്രധാന ടാങ്കിൽ നിന്ന് 9 പഞ്ചായത്തുകളിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണത്തിന് എത്തിക്കും. പുതുപ്പാടി പഞ്ചായത്തിലെ ചെറുപ്ലാട്,കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപാറ എന്നിവിടങ്ങളിലും ടാങ്കുകൾ നിർമ്മിക്കും. ഇവിടെനിന്നു വെള്ളമെത്തിക്കാൻ പ്രയാസം നേരിടുന്ന സ്ഥലങ്ങളിൽ പ്രത്യേകപദ്ധതികളുണ്ടാക്കി ജല വിതരണം നടത്തുകയും ചെയ്യും. രണ്ടാംഘട്ട പദ്ധതിക്ക് 572 കോടി രൂപയുടെ അടങ്കലാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ടാങ്കിന് ആവശ്യമായ സ്ഥലം വേഗത്തിൽ ഏറ്റെടുക്കാനും പഞ്ചായത്ത് ഭരണസമിതി ഇക്കാര്യം പ്രത്യേകം അജണ്ട വച്ച് ചർച്ച ചെയ്യുന്നതിനും ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചു. ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഓൺലൈൻ യോഗത്തിൽ പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.