പയ്യോളി: ഓൺലൈൻ പഠനം ഓഫാകാതിരിക്കാൻ വരുന്നു 'പയ്യോളി മോഡൽ'. പയ്യോളി ഗവ.ഹൈസ്കൂളിലെ മുഴുവൻ കുട്ടികൾക്കും വൈ ഫൈ സൗകര്യം ഒരുക്കുകയാണ് സ്കൂൾ പി.ടി.എ. പയ്യോളി ഗവ. ഹൈസ്കൂൾ പി.ടി.എ , തിക്കോടി ഗ്രാമപഞ്ചായത്ത്, പയ്യോളി മുനിസിപ്പാലിറ്റി എന്നിവർ സംയുക്തമായാണ് എഫ്ഒസിഎഎസ് (ഫൈബർ ഒപ്റ്റിക്കൽ കാബിൾ ഫോർ ഓൾ സ്റ്റുഡൻസ്) പദ്ധതി നടപ്പാക്കുന്നത്. തിക്കോടി ഗ്രാമപഞ്ചായത്തിലെയും പയ്യോളി മുനിസിപ്പാലിറ്റിയിലെയും മുഴുവൻ വാർഡുകളിലും വൈ ഫൈ മോഡം സ്ഥാപിച്ചാണ് ഓൺലൈൻ ക്ലാസിന് സൗകര്യമൊരുക്കുന്നത്. വാർഡ് മെമ്പർ, കൗൺസിലർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക . ഒരു വാർഡിൽ 20000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഓരോ വാർഡിലും അദ്ധ്യാപകരെ വാർഡ് കോ ഓർഡിനേറ്റർമാരായി വിന്യസിക്കും. അംഗൻവാടി, മദ്രസകൾ, ഗ്രന്ഥശാലകൾ എന്നീ പൊതു ഇടങ്ങളിലാണ് മോഡം സ്ഥാപിക്കുക . പയ്യോളി ഹൈസ്കൂളിലെ കുട്ടികൾക്ക് മാത്രമല്ല മറ്റ് കുട്ടികൾക്കും സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. വാർഡിലെ മുഴുവൻ കുട്ടികളുടെയും പഠനമുറപ്പാക്കൽ , വിദ്യാസമ്പന്നരെ കണ്ടെത്തി കുട്ടികൾക്ക് സഹായം നൽകൽ, കുട്ടികൾക്ക് ട്യൂട്ടറെ ഏർപ്പെടുത്തൽ, രക്ഷാകർത്താക്കൾക്ക് ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കൽ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സഹായിക്കൽ , അയൽക്കൂട്ടങ്ങൾ, ക്ലബുകൾ, വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ എത്തിക്കൽ എന്നിവയാണ് വാർഡ് കോ ഓർഡിനേറ്റർമാരുടെ ചുമതലകൾ. ജൂൺ 30നകം പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് വൈ ഫൈ പദ്ധതി സ്കൂളിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്. പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ ഷഫീഖ് വടക്കയിൽ, വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി വാദ്, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല, പി.ടി.എ പ്രസിഡന്റ് ബിജു കുളത്തിൽ, പ്രധാനാദ്ധ്യാപകൻ കെ.എൻ.ബിനോയ് കുമാർ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകും.