road

കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസന പ്രവൃത്തിയ്ക്കായുള്ള സ്ഥലം ഏറ്റെടുക്കൽ ഉടൻ പൂർത്തിയാക്കും.

റോഡു വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇതു സംബന്ധിച്ച നടപടികൾക്ക് വേഗം കൂട്ടാൻ തീരുമാനമായി. 24 മീറ്റർ വീതിയിൽ 8.4 കിലോമീറ്ററിൽ നിർമിക്കുന്ന മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിനായി 7.4078 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 3.9457 ഹെക്ടർ ഭൂമി പരസ്പരാലോചന പ്രകാരം ഏറ്റെടുത്തു കഴിഞ്ഞു. ശേഷിക്കുന്ന 3.4621 ഹെക്ടർ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി. ഭൂമി വിട്ടുനൽകിയവർക്ക് വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ അനുവദിച്ച 210 കോടി രൂപയിൽ 163 കോടി രൂപ കക്ഷികൾക്ക് വിതരണം ചെയ്തു കഴിഞ്ഞു. ശേഷിക്കുന്നവയുടെ ആധാരം സർക്കാരിൽ രജിസ്റ്റർ ചെയ്യാൻ ജില്ലാ ഗവ. പ്ലീഡർക്ക് അയച്ചിരിക്കുകയാണ്. ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി ശേഷിക്കുന്ന തുകയും വിതരണം ചെയ്യും.

നടക്കാവ് മേഖലയിലെ കച്ചവടക്കാരുടെ കൈവശമുള്ളതും കോടതി കേസുകളിൽ ഉൾപ്പെട്ടതുമായ സ്ഥലങ്ങളാണ് പ്രധാനമായും വിട്ടുകിട്ടാൻ ശേഷിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ്, വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ കൈവശമുള്ള സ്ഥലങ്ങളുമുണ്ട്. നടക്കാവ് പഴയ എൽ.പി സ്‌കൂൾ കെട്ടിടം, സിവിൽ സ്റ്റേഷൻ വാട്ടർ ടാങ്ക്, എൻ.ജി.ഒ ക്വാർട്ടേഴ്‌സ് വാട്ടർ ടാങ്ക്, മലാപ്പറമ്പിലെ വാട്ടർ ടാങ്ക് എന്നിവ ഉടൻ പൊളിച്ചു നീക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കാൻ ആവശ്യമായ 155 കോടി രൂപ അനുവദിക്കുന്നതിന് അടുത്ത ദിവസം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

ജില്ലാ കളക്ടർ എസ്.സാംബശിവ റാവുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ എൻ.റംല, കോഴിക്കോട് സിറ്റി റോഡ് വികസന പദ്ധതി ലാൻഡ് അക്വിസിഷൻ സ്‌പെഷ്യൽ തഹസിൽദാർ കെ.ഷറീന, കോ ഓർഡിനേറ്റർ കെ.പി.കോയമോൻ, വാല്വേഷൻ അസിസ്റ്റന്റ് പി.കെ.മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു.