ചെറുവാടി: കൊവിഡ് പ്രതിസന്ധിയിൽ പൊതുവിദ്യാലയങ്ങളിലെ പഠനം ഓൺലൈൻ രീതിയിലേക്ക് വഴിമാറിയപ്പോൾ ക്ലാസുകൾ ലഭിക്കാൻ യാതൊരു വഴിയും ഇല്ലാത്ത ചെറുവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആറു വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പൂർവ വിദ്യാർത്ഥികൾ. ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പൂർവ വിദ്യാർത്ഥികളായ കൃഷ്ണൻകുട്ടി, സിദ്ധിക്ക് മാനു, അബ്ബാസ് കളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ സമാഹരിച്ച 6 സ്മാർട്ട് ഫോണുകളും, 100 കുട്ടികൾക്കുള്ള പഠനോപകരണങ്ങളും എം.എൽ.എ ലിന്റോ ജോസഫ് പ്രധാനാദ്ധ്യപിക അജിത. പിയ്ക്ക് കൈമാറി.
ചെറുവാടി സ്‌കൂളിൽ ഒരോ അദ്ധ്യയന വർഷവും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കൂടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ സ്‌കൂളിലെ ഭൗതികവും അക്കാദമികവുമായ പോരായ്മകൾക്ക് പരിഹാരമായി എസ്.പി.സി യൂണിറ്റും സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റും രൂപീകരിക്കുക, അടുത്ത അദ്ധ്യയന വർഷത്തിൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ ആരംഭിക്കുക, അദ്ധ്യാപകർക്ക് ഓൺലൈൻ ക്ലാസുകൾ സജ്ജീകരിക്കുന്നതിനും ആവശ്യമായ സ്റ്റുഡിയോ ആരംഭിക്കുവാനും, ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങളും സ്റ്റേജും പൊളിച്ചു നീക്കംചെയ്തു അത്യാധുനികമായ സ്റ്റേജോടു കൂടിയ ഓഡിറ്റോറിയവും ടർഫ് ഗ്രൗണ്ടും തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കുക എന്നീ സൗകര്യങ്ങൾ ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും നിവേദനം നൽകി.
ചടങ്ങിൽ പ്രിൻസിപ്പൽ ഇൻചാർജ് ബിജു. വി, പി. ടി. എ പ്രസിഡന്റ് റസാഖ് സി.വി, എസ്. എം. സി ചെയർമാൻ ശശീന്ദ്രൻ, മമ്മത് കുട്ടി കുറുവടങ്ങൽ, അഹമ്മദ് കുട്ടി പാറക്കൽ, മോഹൻദാസ് എന്നിവർ സന്നിഹിതരായി.