1

കോഴിക്കോട്: കാലപ്പഴക്കമുള്ള ചക്കോരത്ത്കുളം ഇ.എസ്.ഐ ഡിസ്പെൻസറി കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് കെട്ടിടം തകർന്ന് വീണത്. വൈകുന്നേരമായതിനാൽ രോഗികൾ ഉണ്ടായിരുന്നില്ല. അതിനാൽതന്നെ ഒരു ദുരന്തം ഒഴിവായി. കെട്ടിടം വീഴുന്നത് കണ്ട് മറ്റ് ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. തകർന്ന ഭാഗത്തുണ്ടായിരുന്ന ജീവനക്കാരാണ് കുടുങ്ങിപ്പോയത്.പരിക്ക് ഗുരുതരമല്ല. ഒരാളെ സഹകരണ ആശുപത്രിയിലും ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബീച്ച് സ്റ്റേഷൻ ഓഫീസർ പി. സതീശിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് ജീവനക്കാർ പല തവണ പരാതിപ്പെട്ടിരുന്നെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല.