കോഴിക്കോട്: നിങ്ങൾ നഗരത്തിലെ ഫുട്പാത്തിലൂടെ നടക്കുന്ന ആളാണോ, എങ്കിൽ അങ്ങുമിങ്ങും നോക്കി നട
ന്നാൽ ഓടയിൽ വീഴും ഉറപ്പ്. ഫുട്പാത്തിലെ സ്ലാബുകൾ മിക്കതും പൊട്ടിയും ഇളകി മാറിയും നിൽക്കുകയാണ്. ചിലയിടങ്ങളിൽ സ്ളാബുകൾ പൊട്ടി ഓടയിൽ വീണു കിടക്കുന്നു. കാൽനട യാത്രക്കാരും മൃഗങ്ങളും ഓടകളിൽ കാൽവഴുതി വീഴുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്. ചില ഭാഗങ്ങളിൽ സ്ലാബുകൾ ശരിയായ രീതിയിൽ ഉറപ്പിക്കാത്തതിനാൽ ചവിട്ടിയാൽ വീഴ്ച ഉറപ്പാണ്.
ടൗണിലെ പ്രധാന റോഡുകളിലൊന്നായ വെെക്കം മുഹമ്മദ് റോഡിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് സ്ലാബുകൾ പലതും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ചില സ്ഥലങ്ങളിൽ സ്ലാബുകൾ ഒടിഞ്ഞ് ഇരുമ്പുകമ്പികൾ പുറത്തുവന്നിട്ടുണ്ട്. പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായി നടന്നുപോകുന്ന സ്ത്രീകളുമാണ് സ്ളാബുകൾ പൊളിഞ്ഞതിന്റെ ദുരിതം ഏറെ അനുഭവിക്കുന്നത്. രാത്രിയിലാണ് സ്ഥിതി ഭയാനകം. മഴ പെയ്യുമ്പോഴാണ് സ്ഥിതി കൂടുതൽ വഷളാവുന്നത്. റോഡിൽ വെള്ളം നിറഞ്ഞാൽ ഓടകൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ചിലയിടങ്ങളിലെ സ്ളാബുകൾ ശരിയാക്കിയെങ്കിലും ഇട വഴികളിലും മറ്റും സ്ഥിതി പരിതാപകരമാണ്. പല തവണ വിവിധ സംഘടനകൾ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയൊന്നുമില്ല. തിരക്കേറിയ വെെക്കം മുഹമ്മദ് റോഡിലെ സ്ലാബുകൾ തകർന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്ന് സമീപവാസികൾ പറയുന്നു.