e
ചകിരിക്കൂടയിൽ നട്ട തൈ

കൽപ്പറ്റ: പരിസ്ഥിതിക്ക് ദോഷമാവുന്ന പ്ലാസ്റ്റിക് കൂടയ്ക്ക് ഒരു ബദൽ മാർഗം. ഓരോ പരിസ്ഥിതി ദിനത്തിലും കോടിക്കണക്കിന് തൈകൾ നടുന്നതി​നൊപ്പം അത്രതന്നെ പ്ലാസ്റ്റിക് കൂടകളും അവശേഷിക്കും. ഇതിനൊരു പരിഹാരമാർഗ്ഗം മുന്നോട്ട് വെയ്ക്കുകയാണ് കേരള വനം വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗം. തേങ്ങയുടെ ചകി​രി കൊണ്ടുള്ള കൂടയാണ് ഇവിടെ പ്ലാസ്റ്റിക്കിന് ബദലാകുന്നത്.

കൽപ്പറ്റ ചുഴലിയിലുള്ള വനം വകുപ്പിന്റെ നഴ്സറിയിൽ ചകിരിക്കൂടകളിലുള്ള തൈകൾ വിതരണത്തിനായി​ ഒരുക്കിയിട്ടുണ്ട്. കൂടയോടൊപ്പം തന്നെ മണ്ണിലേയ്ക്ക് നടാനാവുന്നത് കൊണ്ട് വേരുകൾക്ക് ചുറ്റുമുള്ള മണ്ണ് ഇളകാതിരിയ്ക്കും. ക്രമേണ കൂട മണ്ണിൽ ഇഴുകിച്ചേർന്ന് ജൈവ വളമായ് മാറുകയും ചെയ്യും.

തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നാണ് ഇപ്പോൾ ചകിരിക്കൂടകൾ എത്തിക്കുന്നത്. ഇത്തരം കൂടകൾ നിരത്തിവെയ്ക്കാൻ നഴ്സറികളിൽ ട്രേകളുടെ ആവശ്യമുണ്ട്. കൂടയുടെ ആകൃതിയിൽ വരുത്താവുന്ന മാറ്റംകൊണ്ട് ഭാവിയിൽ ട്രേയില്ലാതെ തന്നെ കൂടകൾ നിരത്തി വെയ്ക്കാനാകും. ചിലവ് താരതമ്യേന കൂടുതലാണെങ്കിലും, പ്രയോജനങ്ങൾ നിരവധിയാണ്. ചകിരിക്കൂടകൾ പോലുള്ള ജൈവ ബദലുകൾ കാലത്തിന്റെ അനിവാര്യത കൂടിയാണ്.