ck-saseendran

കൽപ്പറ്റ: സി.കെ. ജാനുവിന് സാമ്പത്തിക സഹായം നൽകിയതും അവർ തിരിച്ച് തന്നതും തീർത്തും സുതാര്യമായി ഇടപാടാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ പറഞ്ഞു.

സി.കെ. ജാനുവിന് ബി.ജെ.പി നൽകിയ പണം മുൻ എം.എൽ.എ സി.കെ.ശശീന്ദ്രന്റെ ഭാര്യ ഷീബയ്ക്ക് കൈമാറിയെന്ന എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ ആരോപണത്തിന് മറുപടിയായാണ് വിശദീകരണം.
സി.കെ.ജാനു എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിച്ച 2019 ഒക്ടോബറിലാണ് വാഹനവുമായി ബന്ധപ്പെട്ട കാര്യത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്. കല്പറ്റയിലെ ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വായ്പയ്ക്ക് ശ്രമിച്ചെങ്കി​ലും നടന്നില്ല. തുടർന്നാണ് കേരള ബാങ്കിലെ തന്റെ അക്കൗണ്ടിൽ നിന്ന് ഒക്ടോബർ 25ന് കടമായി മൂന്ന് ലക്ഷം രൂപയ്ക്ക് ചെക്ക് നൽകിയത്. ഒന്നര ലക്ഷം രൂപ 2020 ജൂലായ് ആറിനും ബാക്കിയുള്ള ഒന്നര ലക്ഷം 2021 മാർച്ച് ഒമ്പതിനും തിരികെ തന്നു. അക്കൗണ്ട് വഴിയാണ് പണം തന്നത്. ഇതി​ൽ മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ശശീന്ദ്രൻ പറഞ്ഞു.

ഷീബ ശശീന്ദ്രന് സി.കെ. ജാനു പണം നൽകി

സുൽത്താൻ ബത്തേരി: സി.കെ.ജാനുവിന് ബി.ജെ.പിയിൽ നിന്ന് ലഭിച്ച പണത്തിൽ നാലരലക്ഷം രൂപ കല്പറ്റ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രന്റെ ഭാര്യ ഷീബ ജോലി ചെയ്യുന്ന കൽപ്പറ്റ സഹകരണ ബാങ്കിലെത്തി ജാനു നേരിട്ട് കൈമാറിയെന്ന് പി.കെ. നവാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജാനുവിനെ എൻ.ഡി.എയിലെത്തിക്കാനും ബത്തേരി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനും കെ. സുരേന്ദ്രൻ 50 ലക്ഷം രൂപ നൽകിയെന്ന് കാണിച്ച് നൽകിയ ഹർജിയിൽ മൊഴി നൽകാൻ എത്തിയതായിരുന്നു നവാസ്. നവാസിന്റെ ഹർജിയിലാണ്‌ കോടതി കേസെടുക്കാൻ ആവശ്യപ്പെട്ടത്.
ബി.ജെ.പി കൊടുത്ത പണം സി.പി.എം നേതാവിന്റെ ഭാര്യയ്ക്ക് കൈമാറിയതി​ൽ നി​ന്ന് പുറത്ത് വരുന്നത് സി.പി.എം-ബി.ജെ.പി അന്തർധാരയാണെന്ന് നവാസ് ആരോപി​ച്ചു. .