കോഴിക്കോട്: കൊവിഡ് കാലത്തും യുവാവിന്റെ ജീവൻ രക്ഷിച്ച ദ്റുതകർമ്മ രക്ഷാസംഘത്തെ മേയ്‌ത്ര ഹോസ്പിറ്റൽ ആദരിച്ചു. സംഘാംഗങ്ങളായ ജഗന്നാഥൻ ബിലാത്തിക്കുളം, വി.ഷിനോദ് , കെ.എം. ഷീജിത്ത്കുമാർ എന്നിവർ ആദരം ഏറ്റുവാങ്ങി. തനിച്ച് താമസിച്ചിരുന്ന 32കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദ്റുതകർമ്മ രക്ഷാസംഘത്തെ സമീപിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതം സംഭവിച്ചു. മേയ്‌ത്ര ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിന്റെ അടിയന്തര ഇടപെടലിലൂടെ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരികയായിരുന്നുവെന്ന് ആശുപത്രി ഡയറക്ടറും സെന്റർ ഫോർ ഹാർട്ട് ആൻഡ് വാസ്‌കുലർ കെയർ അഡ്വൈസറുമായ ഡോ. അലി ഫൈസൽ പറഞ്ഞു. ആംബുലൻസുകളിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലനം (ബി.എൽ.എസ്) നൽകാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. സെന്റർ ഫോർ ഹാർട്ട് ആൻഡ് വാസ്‌കുലർ കെയർ ചെയർമാൻ ഡോ. ആശിഷ്‌കുമാർ, കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. ജയേഷ് ഭാസ്‌കർ, സി.ഒ.ഒ. എബ്രഹാം സാമുവൽ രാജു, സി.എം.ഒ. ഡോ. സിമന്തജി. ശർമ്മ എന്നിവർ പങ്കെടുത്തു.