കോഴിക്കോട് : തകർന്നുവീണ ചക്കോരത്തുകുളം ഇ.എസ്.ഐ കോർപ്പറേഷൻ കെട്ടിടം ഉൾപ്പെടെ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ കാലപ്പഴക്കം ചെന്ന ഇ.എസ്.ഐ ഡിസ്‌പെൻസറികളുടെ കെട്ടിടങ്ങൾ പുതുകി പണിയാൻ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്ന് എം.കെ.രാഘവൻ എം.പി അറിയിച്ചു.

കാലപ്പഴക്കം ചെന്ന ചക്കോരത്തുകുളം, ചാലപ്പുറം, പുതിയറ, എരഞ്ഞിപ്പാലം ഉൾപ്പെടെയുള്ള ഇ.എസ്.ഐ ഡിസ്‌പെൻസറികളുടെ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2018 മേയ് മാസം ഇ.എസ്.ഐ ഡയറക്ടർ ജനറലിനെ കണ്ടിരുന്നു. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ പുനർനിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കണമെന്ന് കാണിച്ച് ഇന്നലെ തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗംഗ്വാർ, ഇ.എസ്.ഐ ഡയറക്ടർ ജനറൽ മുഗ്മീത്ത് എസ് ബാട്ടിയ, എന്നിവർക്ക് കത്തയച്ചു. പാർലമെന്റ് സമ്മേളന കാലയളവിൽ മന്ത്രിയുമായും ഡയറക്ടർ ജനറലുമായും നേരിൽ കൂടികാഴ്ച നടത്തുമെന്നും എം.പി പറഞ്ഞു.

നേരത്തെ ചെറുവണ്ണൂർ ഇ.എസ്.ഐ ഡിസ്‌പെൻസറിയുടെ പുനരുദ്ധാരണത്തിന് 88 ലക്ഷം രൂപയുടെ കേന്ദ്ര സഹായം ലഭിച്ചിരുന്നു.