muttil

കൽപ്പറ്റ: വയനാടിനെ ഏറ്റവും അടുത്തറിയാവുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ. എന്നിട്ടും കോടികളുടെ മരംകൊളളയ്ക്ക് വഴിമരുന്നിട്ട ഉത്തരവിൽ എങ്ങനെ ഒപ്പ് വെക്കാൻ കഴിഞ്ഞു ഡോ.എ.ജയതിലകിന് ?. ജില്ലയിലെ പരിസ്ഥിതി പ്രവ‌ർത്തകർക്കിടയിൽ തന്നെ ഉയരുന്ന ചോദ്യമാണിത്.

വയനാട് സബ് കളക്ടറായി 1993 സെപ്തംബറിലെത്തിയ ഡോ.ജയതിലക് രണ്ടു വർഷത്തോളം ആ തസ്തികയിലിരിക്കെ തന്നെ പരിസ്ഥിതിയിലൂന്നി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പാരിസ്ഥിതിക പ്രാധാന്യമുളള മേഖല കൂടി ഉൾപ്പെടുന്ന പ്രദേശം വെട്ടിവെളുപ്പിക്കാൻ അദ്ദേഹം കൂട്ടുനിന്നുവെന്ന് അവരൊന്നും കരുതുന്നില്ല. സംസ്ഥാനത്തുടനീളമെന്നോണം മരം കൊള്ളയ്ക്ക് വഴിയൊരുക്കിയ ഉത്തരവിൽ അവ്യക്തതകൾ ഉണ്ടായിരുന്നുവെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലക് പിന്നീട് സമ്മതിച്ചതായാണ് വിവരം. ഉത്തരവിന്റെ മറവിൽ സർക്കാരിലേക്ക് റിസർവ് ചെയ്ത മരങ്ങൾ പോലും മുറിക്കുന്നുവെന്ന വാർത്തകളെ തുടർന്നാണ് ഉത്തരവ് റദ്ദു ചെയ്തതെന്നു അദ്ദേഹം പറഞ്ഞിരുന്നു.

പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും നിലനിറുത്തിയതുമായ മരങ്ങൾ, ചന്ദനം ഒഴികെ, മുറിക്കാമെന്നു കാണിച്ച് 2020 മാർച്ച് 11 -നാണ് ആദ്യ ഉത്തരവിറങ്ങിയത്. റിസർവ് ചെയ്ത മരങ്ങളും മുറിക്കാമെന്ന പിശക് ഒഴിവാക്കിയായിരുന്നു ഒക്ടോബർ 24 -നുള്ള പുതിയ ഉത്തരവ്. വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള മാത്രമാണ് ഉത്തരവിലെ പൊരുത്തക്കേടുകൾ സൂചിപ്പിച്ച് രംഗത്ത് വന്നത്. പിന്നീട് കൊള്ള ബോദ്ധ്യപ്പെട്ടതോടെ 2021 ഫെബ്രുവരി രണ്ടിന് വിവാദ ഉത്തരവ് റദ്ദു ചെയ്യുകയായിരുന്നു.