തിരുവമ്പാടി: എതിർപ്പുകളെ മറികടന്ന് ബഹുജന പിന്തുണയോടെ തുരങ്ക പാത നിർമിക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. തിരുവമ്പാടി നിയോജക മണ്ഡലത്തിൽ തുടങ്ങിവെച്ച എല്ലാ പദ്ധതികളും പൂർത്തിയാക്കുമെന്നും സാംസ്കാരിക സംഘടനയായ ആവാസ് സംഘടിപ്പിച്ച ഓൺലൈൻ അനുമോദന യോഗത്തിൽ അദ്ദേഹം പറഞ്ഞു. കാർഷിക-ടൂറിസം - തൊഴിൽ മേഖലകളിൽ നൂതന പദ്ധതികൾ ആവിഷ്ക്കരിക്കും. വയനാട് ചുരം മുതൽ കക്കാടംപൊയിൽ വരെയുളള ടൂറിസം പ്ളോട്ടുകൾ ടൂറിസം മാപ്പിൽ ഇടം പിടിക്കുംവിധം പശ്ചാത്തല സൗകര്യങ്ങളൊരുക്കും. ആധുനിക കാർഷിക രീതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കും. പട്ടികജാതി-വർഗ വിഭാഗങ്ങളുടെ വികസനം, റോഡ് വികസനം എന്നിവയ്ക്ക് മുൻഗണന നൽകുമെന്നും എം.എൽ.എ പറഞ്ഞു. ആവാസ് വൈസ് ചെയർപേഴ്സൺ എ.എം ബിന്ദുകുമാരി അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു. ആവാസ് വിദ്യാർത്ഥി വേദി കൺവീനർ ഫാത്തിമ ഫഹ്മി നിർദ്ദേശങ്ങൾ സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി.സ്മിത (കാരശ്ശേരി ), ഷംലൂലത്ത് (കൊടിയത്തൂർ), അലക്സ് തോമസ് (കോടഞ്ചേരി), കെ.എ.അബ്ദുറഹിമാൻ (വൈസ് പ്രസിഡന്റ് , തിരുവമ്പാടി), ജില്ലാ പഞ്ചായത്തംഗം വി. പി.ജമീല, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു എണ്ണാർമണ്ണിൽ, തിരുവമ്പാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോളി ജോസഫ്, ജിബിൻ, അജു എമ്മാനുവൽ, ജിഷി പട്ടയിൽ, അനാമിക ബിജു, സുന്ദരൻ എ. പ്രണവം, മിനി രാജു, രമണി പീതാംബരൻ, ബിജു കൂട്ടക്കര, ഉഷ ആശാരിക്കണ്ടിയിൽ എന്നിവർ സംബന്ധിച്ചു.