മുക്കം: മലയോര ജനതയുടെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാതയെ എതിർക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ സി.പി.ഐ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് കഴിഞ്ഞ ദിവസം തുരങ്ക പാതയ്ക്ക് എതിരായ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്. പശ്ചിമഘട്ട മലനിരകളെ തകർക്കുന്ന പദ്ധതിയായതിനാൽ കോൺഗ്രസ് ഇതിനെ ശക്തമായി എതിർക്കമെന്നാണ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാൽ മറിപ്പുഴ പാലം മുതൽ എട്ടുകിലോ മീറ്റർ നീളത്തിൽ നിർമിക്കുന്ന തുരങ്ക പാത പരിസ്ഥിതിക്ക് യാതൊരു ആഘാതവും ഏൽപിക്കാത്തതും അപ്രോച്ച് റോഡിന് കേവലം 560 മീറ്റർ മാത്രം സ്ഥലം ആവശ്യമാകുന്നതുമാണെന്ന് യോഗം വിലയിരുത്തി.ഈ ബ്രഹൃത് പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള നീക്കത്തിൽ നിന്ന് കോൺഗ്രസ് പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു.കോഴിക്കോട് ജില്ല അസി.സെക്രട്ടറി എം.നാരായണൻ ഉദ്ഘാടനം ചെയ്തു. സത്താർ കൊളക്കാടൻ അദ്ധ്യക്ഷത വഹിച്ചു.ജില്ല എക്സി. കമ്മിറ്റി അംഗം പി.കെ, കണ്ണൻ, തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.മോഹനൻ, അസി.സെക്രട്ടറി കെ.എം അബ്ദുറഹിമാൻ, എ.ഐ.ടി.യു സി മണ്ഡലം സെക്രട്ടറി കെ.ഷാജികുമാർ എന്നിവർ പ്രസംഗിച്ചു.