പഴയങ്ങാടി: മാട്ടൂലിലെ കാലപ്പഴക്കത്താൽ തകർന്ന പഴയ ബോട്ട് ജെട്ടി പൊളിച്ച് മാറ്റി. ഇതിന് സമീപത്തായി താൽക്കാലിക ബോട്ട് ജെട്ടി നിർമ്മിച്ചു. തെങ്ങിൻ കുറ്റിയും മരവും ഉപയോഗിച്ചാണ് ബോട്ട് ജെട്ടി നിർമ്മിച്ചത്. ഏറെ ഭിതിയോടെയാണ് ജനം ഇതുവഴി യാത്ര ചെയ്യുന്നത്. മതിയായ സുരക്ഷാ സംവിധാനം ഇല്ല എന്ന് ആക്ഷേപം ഉണ്ട്.
ബോട്ടിലേക്ക് ജനങ്ങൾ കയറുന്നതും ഇറങ്ങുന്നതും ഏറെ ഭീതിയോടെയാണ്. വേലിയിറക്ക സമയങ്ങളിൽ ഏറെ പ്രയാസം സൃഷ്ടിക്കുന്നു. മാട്ടൂലിൽ നിന്ന് അഴീക്കൽ വഴി എളുപ്പത്തിൽ കണ്ണൂരിൽ എത്താൻ സാധിക്കും എന്നതിനാൽ ജനങ്ങൾ കൂടുതലായും ആശയിക്കുന്ന മാർഗ്ഗം ബോട്ട് വഴിയുള്ള യാത്രയാണ്. അഴീക്കൽ ഭാഗത്ത് നിന്നും നിരവധി മത്സ്യതൊഴിലാളികളും മറ്റും മാട്ടൂലിലേക്കും എത്തിച്ചേരാറുണ്ട്. പുതിയ ബോട്ട് ജെട്ടി നിർമ്മാണം ഇതുവരെ ആരംഭിച്ചില്ല. ഇത് എത്രയും വേഗം യാഥാർത്ഥ്യമാക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.