പെരുവണ്ണാമൂഴി: മലയോരമേഖലയിലെ വന്യമൃഗശല്യത്തിനു അറുതി വരുത്താൻ ശാശ്വത പരിഹാരനടപടി അനിവാര്യമാണെന്ന് താമരശേരി രൂപത ബിഷപ്പ് റെമിജീയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
കാർഷിക വിളകളുടെ നാശനഷ്ടം മാത്രമല്ല പ്രശ്നം. മിക്കയിടത്തും മനുഷ്യ ജീവനും ഭീഷണി നേരിടുകയാണ്. കർഷകരുടെ ആവശ്യം സർക്കാർ കണ്ടില്ലെന്നു നടിക്കരുത്.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ ദുരിതം നേരിടുന്ന കർഷകരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ബിഷപ്പ്.
വന്യമൃഗശല്യം നേരിടുന്ന ഭിന്നശേഷിക്കാരനായ പെരുവണ്ണാമൂഴി മഠത്തിനകത്ത് ജോൺസന്റെ വീട്ടിലെത്തിയ അദ്ദേഹം കർഷക പ്രതിനിധികളുടെ പരാതികളും കേട്ടു. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട്, ചെമ്പനോട, മുതുകാട്, പെരുവണ്ണാമൂഴി മേഖലകളിൽ കാട്ടാനകളുടെ വിളയാട്ടം കാരണം കർഷകർക്ക് വലിയ തോതിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയാണെന്ന് പെരുവണ്ണാമൂഴി ഫാത്തിമമാത പള്ളി വികാരി ഫാദർ മാത്യു തകിടിയേൽ, കർഷക നേതാവ് ജോർജ് കുംബ്ലാനി, വാർഡ് മെമ്പർ രാജേഷ് തറവട്ടത്ത് എന്നിവർ ബിഷപ്പിനെ ധരിപ്പിച്ചു.