മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കോഴിക്കോട് : കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച 'ഉദയം" സമഗ്ര പുനരധിവാസ പദ്ധതിയിലൂടെ തെരുവുനിവാസികളില്ലാത്ത നഗരം എന്ന ആശയമാണ് പ്രാവർത്തികമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉദയം പദ്ധതിയുടെ പ്രധാന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നിരാലംബരായ തെരുവ് നിവാസികളുടെ സമഗ്ര പുനരധിവാസമാണ് ഇതോടെ സാദ്ധ്യമാകുന്നത്. ഉപജീവനമാർഗങ്ങൾക്കായുള്ള നൈപുണ്യ പരിശീലനത്തിലൂടെ ഇവരെ സ്വയംപര്യാപ്തരാക്കാൻ കഴിയണം. അപ്പോഴാണ് ഈ ദൗത്യം പൂർത്തിയാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഉദയം ഹോംസ് വെബ് സൈറ്റ് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ പ്രോഡക്ട് ലോഞ്ചിംഗ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ലോഗോ പ്രകാശനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും നിർവഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഡൊണേറ്റ് ഓപ്ഷൻ പ്രകാശനം ചെയ്തു.
ജില്ലാ കളക്ടർ എസ്.സാംബശിവ റാവു പദ്ധതി വിശദീകരിച്ചു. മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ, സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ്, റൂറൽ ജില്ലാ പൊലീസ് ചീഫ് എ.ശ്രീനിവാസ്, വാർഡ് കൗൺസിലർ ഡോ.പി.എൻ അജിത, ഡെപ്യൂട്ടി കളക്ടർ അനിതകുമാരി, ഡി.എം.ഒ ഡോ.വി.ജയശ്രീ, തണൽ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ടി.എ നാസർ, ഇംഹാൻസ് ഡയറക്ടർ ഡോ.കൃഷ്ണകുമാർ, ഐ.എ.എ കാലിക്കറ്റ് ചാപ്‌റ്റർ ചെയർമാൻ വിവേക് ചെറിയാൻ എന്നിവർ ആശംസയർപ്പിച്ചു. സബ് കളക്ടർ ജി.പ്രിയങ്ക സ്വാഗതവും ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ കെ.ടി.അഷ്‌റഫ് നന്ദിയും പറഞ്ഞു.