കുറ്റ്യാടി: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവിൽ ആളുകൾ കരുതൽ മറക്കുന്നു. വാഹനങ്ങളുടെ കുത്തൊഴുക്കിൽ പലപ്പോഴായി കുറ്റ്യാടി വീർപ്പുമുട്ടുകയാണ്. കൊവിഡ് ഭയന്ന് ആളുകൾ സ്വന്തം വാഹനങ്ങളുമായി ഇറങ്ങുന്നതാണ് ഈ തിരക്കിന് കാരണം. വാഹനങ്ങൾ നാല് വശങ്ങളിലേക്ക് കടന്നു പോകുന്ന ടൗണിന്റെ മധ്യഭാഗത്ത്
വാഹനം കടന്നുപോകാൻ ബുദ്ധിമുട്ടാണ്. ഹോം ഗാർഡുകളും പോലീസും കഴിവിന്റെ പരമാവധി ശ്രമിക്കുന്നെങ്കിലും വാഹനങ്ങളുടെ നിര ശക്തമായി തന്നെ തുടരുകയാണ്.
മഴയും ചെറുതായി മാറിനിന്നതോടെ ലോക്ഡൗണിലെ ഇളവ് ആഘോഷമാക്കി മാറ്റികളയാമെന്ന മട്ടിലാണ് തിരക്ക്. പ്രധാന ജംഗ്ഷനുകളിൽ നിയന്ത്രണത്തിന്റെ ഭാഗമായി പൊലീസ് സ്ഥാപിച്ചിരുന്ന ബാരികേടുകൾ ഒഴിവാക്കി. ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതോടെയാണ് കടകളിലും സ്ഥാപനങ്ങളിലും നിരത്തിലും വലിയ തിരക്കനുഭവപ്പെട്ടത്. ലോക്ഡൗണിൽ തുറക്കാൻ അനുവാദം ലഭിച്ച കടകൾക്ക് പുറമേ സ്റ്റേഷനറി, ജ്വല്ലറി, ടെക്സ്റ്റയിൽസ്, ചെരുപ്പ്, കണ്ണട തുടങ്ങിയവ വിൽക്കുന്ന കടകൾക്കു കൂടി വെള്ളിയാഴ്ച മുതൽ അനുമതി നൽകിയിരുന്നു.
ശനി, ഞായർ ദിവസങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണമായിരുന്നെങ്കിലും വാഹനങ്ങൾ മോശമല്ലാതെ ഓടിയിരുന്നു. പ്രധാന കവലയിൽ വാഹനപരിശോധനയ്ക്കും മറ്റും ജംഗ്ഷനുകളിൽ നിയോഗിച്ചിരുന്ന പൊലീസിന്റെ മുഖ്യ ജോലി ട്രാഫിക്ക് നിയന്ത്രണമായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് വന്നവരേക്കാളേറെ കിട്ടിയ അവസരം നോക്കി നിരത്തുകളിൽ എത്തി കുരുക്കുണ്ടാക്കുന്നവരാണ്. സാമൂഹ്യ അകലം പോലും പാലിക്കാതെയാണ് പലരും റോഡിൽ ഇറങ്ങി നടക്കുന്നത്.