പേരാമ്പ്ര: പേരാമ്പ്ര നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടുള്ള ബൈപാസ് റോഡിന്റെ നിർമ്മാണ പ്രവൃത്തിയ്ക്ക് തുടക്കമായി. ജെ.സി.ബി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കി ഭൂമി നിരപ്പാക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.
ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഇന്നലെ സ്ഥലം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. വരുംദിവസങ്ങളിൽ മരം മുറിച്ചു മാറ്റുന്നതടക്കമുള്ള പണി നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്‌മെന്റ് കോർപ്പറേഷൻ മുഖേന പ്രാവർത്തികമാക്കുന്ന ബൈപാസിന് 47. 29 കോടി രൂപയാണ് ചെലവ്. ഒന്നര വർഷമാണ് നിർമ്മാണ കാലാവധിയെങ്കിലും ഒരു വർഷത്തിനകം ബൈപാസ് ജനങ്ങൾക്ക് തുറന്നുകൊടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എൽ.സി.സി അധികൃതർ പറഞ്ഞു.
എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, ജില്ലാ പഞ്ചായത്ത് അംഗം ഷീജ ശശി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശശി കുമാർ പേരാമ്പ്ര, വാർഡ് മെമ്പർമാരായ സൽമ, ജോന, വിനോദ് തിരുവോത്ത്, മുൻ എം.എൽ.എ എ.കെ.പത്മനാഭൻ, എ.കെ.ബാലൻ എന്നിവരും ആർ.ബി.ഡി.സി, യു.എൽ.സി.സി ഉദ്യോഗസ്ഥരും പങ്കെടുത്തു.