moto
ഫുട്പാത്തിൽ പാർക്ക് ചെയ്ത വാഹനത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്റ്റിക്കർ പതിക്കുന്നു

കോഴിക്കോട്: നഗരത്തിൽ 'ഓപ്പറേഷൻ ക്ളിയർ പാത്ത് വേ"യുടെ ഭാഗമായി 115 വാഹനങ്ങൾക്കെതിരെ കേസെടുത്തു. കാൽനട യാത്രക്കാരുടെ വഴി മുടക്കുന്ന വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ഓപ്പറേഷൻ.

മോട്ടോർ വാഹന കമ്മിഷണറുടെ നിർദ്ദേശപ്രകാരം കോഴിക്കോട് എൻ‌ഫോഴ്സ്‌മെന്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ പ്രധാന പാതകളിലൊക്കെയും പരിശോധനയുണ്ടായിരുന്നു. കാൽനട യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തിൽ ഫുട്പാത്തിൽ വാഹനം പാർക്ക് ചെയ്തതിനും സീബ്രാ ലൈനിൽ വാഹനം നിറുത്തിയിട്ടതിനും മറ്റും കേസ് രജിസ്റ്റർ ചെയ്തു.

എം.വി.ഐ മാരായ പി. രൺദീപ്, പി.എം അഷറഫ്, എം.കെ സിനിൽ, കെ.പ്രശാന്ത്, ടി.അനൂപ് മോഹൻ, വി.വിനോദ് കുമാർ, എം.കെ ധനേഷ് എന്നിവരും പരിശോധനയിൽ പങ്കാളികളായി.