crime

കോഴിക്കോട്: സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗത്തെ വധിക്കാൻ ലീഗ് പ്രവർത്തകർ പദ്ധതിയിട്ടതായി കൊടുവള്ളി നഗരസഭ മുൻ കൗൺസിലറും യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗവുമായ മജീദ് കോഴിശ്ശേരി വാ‌ർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2013 ജൂലായിൽ കൊടുവള്ളി മുനിസിപ്പൽ ലീഗ് ഓഫീസിൽ ചില നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഗൂഢാലോചന. ഇതിനായി ക്വട്ടേഷൻ സംഘവുമായി കൂടിക്കാഴ്ച നടത്തി അഡ്വാൻസും നൽകി. എന്നാൽ കുറ്റം ഏറ്റെടുക്കാൻ പാർട്ടി തയ്യാറാവില്ലെന്ന കാരണത്താൽ സംഘം പിന്മാറുകയായിരുന്നു. പൂർണ വിവരങ്ങൾ അടുത്തിടെയാണ് തനിക്ക് ലഭിച്ചതെന്നും അന്നുമുതൽ തിരുത്താൻ ശ്രമിച്ചെങ്കിലും തന്നെ ഒറ്റപ്പെടുത്താനും പുറത്താക്കാനുമാണ് ശ്രമം നടക്കുന്നതെന്നും മജീദ് പറ‌ഞ്ഞു. കുറ്റക്കാർ മറ്റ് പല സാമ്പത്തിക തട്ടിപ്പുകളും നടത്തിയിട്ടുണ്ട്. പൊലീസ് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.