കോഴിക്കോട്: മെഡിക്കൽ കോളേജിനു സമീപത്തെ ഹോട്ടലിൽ നിന്നു ഷവർമ കഴിച്ച നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിനു പിറകെ, ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ പരിശോധനാ പരമ്പര. അനിഷ്ടസംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌ക്വാഡുകൾ ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 105 ഹോട്ടലുകൾ പരിശോധനയ്ക്ക് വിധേയമാക്കി. പ്രകടമായ അലംഭാവത്തിന് 14 സ്ഥാപനങ്ങൾക്ക് പിഴയിട്ടു. 11 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നൽകി. അടിയന്തര പ്രശ്നപരിഹാരത്തിനായി 10 സ്ഥാപനങ്ങൾക്കും നോട്ടീസ് കൈമാറി.
മുപ്പത് സർവൈലൻസ് സാമ്പിളാണ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വിപണിയിലെത്തുന്ന അഞ്ചു സ്ഥാപനങ്ങളുടെ പാലിന്റെ സ്റ്റാറ്റ്യൂട്ടറി സാമ്പിളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
ആശുപത്രി കാന്റീനുകളിലുൾപ്പെടെ മൂന്ന് സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. ട്രോളിംഗ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പഴകിയ മത്സ്യം വില്പനയ്ക്കെത്തുന്നത് തടയാൻ മൊകേരി, പേരാമ്പ്ര എന്നിവിടങ്ങളിലടക്കം മലയോര മേഖലയിലും മറ്റുമായി അൻപതോളം പരിശോധനകളാണ് നടത്തിയത്. ഇതിനിടയിൽ പഴകിയ 45 കിലോഗ്രാം മത്സ്യം കണ്ടെടുത്ത് നശിപ്പിച്ചു.
''ലോക്ക് ഡൗൺ നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ അകത്തിരുത്തി ഭക്ഷണം കൊടുക്കുന്നില്ലെന്നിരിക്കെ പല സ്ഥാപനങ്ങളുടെയും അടുക്കളയും ഡൈനിംഗ് ഏരിയയും മറ്റും വൃത്തിഹീനമായ നിലയിലാണ്. മാനദണ്ഡങ്ങൾ കർശനമായി പാലിക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാവും. വരുംദിവസങ്ങളിലും സ്‌ക്വാഡുകളുടെ പരിശോധന തുടരും.
എം.ടി.ബേബിച്ചൻ,
ഭക്ഷ്യസുരക്ഷാ കമ്മിഷണർ
നിർദ്ദേശങ്ങൾ ഇവ
1. മത്സ്യ - മാംസാദികൾ മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം.
2. വെജിറ്റേറിയൻ ഭക്ഷ്യവസ്തുക്കളും നോൺ വെജ് ഇനങ്ങളും ഒരേ ഫ്രീസറിൽ സൂക്ഷിക്കരുത്.
3. പാകം ചെയ്ത ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറം ചേർക്കരുത്.
4. പാചകത്തിന് ഉപയോഗിക്കുന്നവയുടെ ഗുണനിലവാരം ഉറപ്പുവരുത്തിയിരിക്കണം.
5. അടുക്കളയിൽ എലി, പാറ്റ തുടങ്ങിയവയുടെ സാന്നിദ്ധ്യം ഇല്ലാതാക്കണം.