കോഴിക്കോട്: ഹയർ സെക്കൻഡറി, സർവകലാശാല പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഹയർ സെക്കൻഡറി, യു.ജി, പി.ജി, ഡിപ്ലോമ, പ്രൊഫഷണൽ പരീക്ഷകൾ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മതിയായ ലാബ് പരിശീലനം ലഭിക്കാതെയാണ് 28ന് പ്ലസ്ടു വിദ്യാർത്ഥികൾ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് എത്തുന്നത്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വാക്സിൻ ലഭ്യത ഉറപ്പു വരുത്തണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ വി.ടി നിഹാൽ പങ്കെടുത്തു.