കൊടിയത്തൂർ: ചാലിയാർ പുഴയിൽ വൻ മണൽ വേട്ട. അനധികൃതമായെടുത്ത മണൽ ശേഖരം പിടികൂടി. വെട്ടിപാറ ഭാഗത്ത് ചാലിയാർ രക്ഷകൻ ബോട്ട് സ്ക്വാഡ് വാഴക്കാട് സി.ഐ.സുഷീലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മണലും കടത്താൻ ഉപയോഗിച്ച 18 തോണികളും പിടികൂടിയത്. ഇന്നലെ പകൽ പതിനൊന്ന് മണിയോടെ നടന്ന പരിശോധനയിലാണ് തോണികൾ പിടികൂടിയത്. മണലെടുത്ത് കൊണ്ടിരുന്നവർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ചാലിയാർ പുഴയിലെ ചെറുവാടിക്കടവിൽ നിന്ന് മണൽ കടത്തിയ മൂന്ന് വഞ്ചികൾ നേരത്തെ വാഴക്കാട്, മുക്കം പൊലീസ് പിടികൂടിയിരുന്നു. മണൽ കടത്തിപ്പോകുന്ന വാഹനവും ചെറുവാടിക്കടവിൽ നിന്ന് പിടികൂടി. ചെറുവാടി തേനേങ്ങപറമ്പിൽ നിന്ന് മണൽകടത്താൻ ഉപയോഗിച്ച നമ്പർ പ്ലേറ്റില്ലാത്ത ഒരു വാഹനവും കസ്റ്റഡിയിലെടുത്തിരുന്നു.