
വടകര: സി.പി.എം അനുഭാവിയായ വീട്ടമ്മയെ പല തവണ പീഡനത്തിരയാക്കിയെന്ന സംഭവത്തിൽ പാർട്ടി മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പുല്ലുള്ളപറമ്പത്ത് ബാബുരാജ് (45), ഇതേ ബ്രാഞ്ചിലെ അംഗവും ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്ന തെക്കെപറമ്പത്ത് ലിജീഷ് (31) എന്നിവർ അറസ്റ്റിലായി. ഇന്നലെ പുലർച്ചെ വടകര കരിമ്പനപ്പാലത്ത് കെ.ടി.ഡി.സി ആരാമം റസ്റ്റോറന്റിനു സമീപത്തുവച്ചാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ബലാത്സംഗം, വീട്ടിൽ അതിക്രമിച്ചുകയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചേർത്താണ് കേസ്.
മൂന്നു മാസം മുമ്പ് വീട്ടിൽ മറ്റാരുമില്ലാത്ത ദിവസം രാത്രി പതിനൊന്നോടെ ബാബുരാജ് കതക് തള്ളിത്തുറന്ന് ഭീഷണിപ്പെടുത്തിയാണ് അദ്യം പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. മകളെയും ഭർത്താവിനെയും കൊന്നുകളയുമെന്നും ദൃശ്യങ്ങൾ പുറത്തുവിടുമെന്നുമുള്ള ഭീഷണിയോടെ പിന്നെയും പീഡനം തുടർന്നു. തനിക്കെല്ലാമറിയുമെന്നു പറഞ്ഞ് ബ്ലാക്‌മെയിൽ ചെയ്താണ് ബാബുരാജിന്റെ സുഹൃത്തും ഡി.വൈ.എഫ്.ഐ നേതാവുമായ ലിജീഷ് പീഡനത്തിനിരയാക്കിയത്. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കാനായിരുന്നു ശ്രമമെന്ന് വീട്ടമ്മ പറയുന്നു. പ്രതികളുടെ ഭീഷണി കൂടി വന്നതോടെയാണ് കഴിഞ്ഞ ശനിയാഴ്ച ഭർത്താവിനൊപ്പം വടകര പൊലീസിൽ പരാതി നൽകിയത്. ഞായറാഴ്ച പൊലീസ് കേസെടുത്തതോടെ ഇരുവരും ഒളിവിൽ മുങ്ങി. തുടർന്ന് സി.പി.എം ഇരുവരെയും പാർട്ടി അംഗത്വത്തിൽ നിന്നു പുറത്താക്കി.
വീട്ടമ്മയെ കഴിഞ്ഞ ദിവസം പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. തുടർന്ന് കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേട്ടിന് മുമ്പാകെ രഹസ്യമൊഴിയും നൽകി.
പ്രതികളെ പാർട്ടി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോർച്ച തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനു പിറകെയാണ് ഇന്നലെ അറസ്റ്റ് നടന്നത്. പ്രതികളെ ബാങ്ക് റോഡിന് സമീപത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.