എത്തിക്കാനാവാതെ വിളവ്
കച്ചവടം പാതിയിലും താഴെ
കോഴിക്കോട്: അടച്ചുപൂട്ടലിന് അയവ് വന്നിട്ടും വാട്ടം നീങ്ങിക്കിട്ടാത്ത പരുവത്തിലാണ് വെറ്റില കർഷകർ. വിപണി ഉണരുന്നത് ആഴ്ചയിൽ മൂന്നു ദിവസം മാത്രമാണെന്നിരിക്കെ വിളവെടുത്ത വെറ്റില പോലും ഇതുവരെ കയറ്റിവിടാനായില്ല. പഴയ പോലെ മാർക്കറ്റ് നിത്യേന തുറന്നാൽ തന്നെയും ദിവസങ്ങളെടുക്കും എല്ലാമൊന്നു സാധാരണ നിലയിലാവാൻ. ആ നല്ല നാളുകൾ അടുത്തെത്തണേ എന്ന പ്രാർത്ഥനയിലാണ് കർഷകരൊക്കെയും.
ഇപ്പോൾ ആഴ്ചയിൽ മൂന്നു ദിവസം കടകൾ തുറക്കുന്നുണ്ടെന്നേയുള്ളൂ. നാളും നേരവും നോക്കണമെന്നായപ്പോൾ ആവശ്യക്കാരുടെ വരവ് വല്ലാതെ കുറഞ്ഞു. പഴയ പതിവ് നോക്കിയാൽ പകുതി പോലും കച്ചവടവുമില്ലെന്നായി.
ആഴ്ചയിലൊരിക്കലാണ് പാകമായ വെറ്റില വിളവെടുക്കുന്നത്. വൈകിപ്പോയാൽ വെറ്റില മൂത്ത് ഒന്നിനും കൊള്ളാതാകും. സമയത്തിന് നുള്ളിയില്ലെങ്കിൽ പുതിയ കണ്ണി പൊട്ടുകയുമില്ല. വിപണിയിലെ മാന്ദ്യം കാരണം ഇപ്പോൾ ഡിമാൻഡ് തീരെ കുറഞ്ഞതോടെ വിളവെടുക്കുന്ന വെറ്റില പോലും വിറ്റഴിക്കാനാവാതെ നഷ്ടം വരികയാണ്. പാളയത്തെയടക്കം മൊത്തക്കച്ചവടക്കാരിലേക്ക് വെറ്റില എത്തുന്നത് മുക്കം, അരീക്കോട്, തിരൂർ, മലപ്പുറം ഭാഗങ്ങളിൽ നിന്നാണ്.
ആദിവാസി മേഖലയായ വയനാട്ടിലേക്കാണ് കോഴിക്കോട് നിന്ന് വെറ്റില കൂടുതലും കയറ്റിപ്പോവുന്നത് . ദിവസവും 2000 മുതൽ 3000 കെട്ട് വരെ അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ കടകൾ തുറക്കുന്ന ദിവസം പോകുന്നത് 700 കെട്ട് വെറ്റില മാത്രം. മികച്ച ഇനം വെറ്റില ഡൽഹി, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കും കയറ്റിവിടാറുള്ളതാണ്. ആ വഴിയും തീർത്തും അടഞ്ഞമട്ടിലായി.
വായ്പയെടുത്തത്
തിരിച്ചടക്കാനാവാതെ
കെട്ടിന് 5 രൂപ മുതൽ 120 രൂപ വരെ വിലയുള്ള വെറ്റില ഇനങ്ങളുണ്ട്. കൂടുതൽ പ്രിയം എപ്പോഴും നാടൻ വെറ്റിലയ്ക്ക് തന്നെ. വർഷത്തിൽ വെറ്റില കൃഷിയിറക്കുന്നത് രണ്ടു തവണയാണ്. 15 ദിവസത്തിലൊരിക്കൽ വളമിടണം. രാവിലെയും വൈകിട്ടും നനയ്ക്കുകയും വേണം. 200 മൂടിനു 10 കിലോയെങ്കിലും വളം വേണ്ടിവരും.
ബാങ്കിൽ നിന്നു വായ്പയെടുത്ത് കൃഷിയിറക്കുന്ന കർഷകരാണ് ഏറെയും. തിരിച്ചടവിന് വക കാണാതെ നട്ടം തിരിയുന്ന അവസ്ഥയിലാണിപ്പോൾ ഇവർ. കേടുകൂടാതെ വിളവെടുത്ത്, കെട്ടിന് 70 രൂപയിൽ കൂടുതലെങ്കിലും രണ്ടു വർഷത്തോളം ലഭിച്ചാൽ മാത്രമേ നഷ്ടമില്ലാതെ കർഷകന് പിടിച്ചു നിൽക്കാൻ കഴിയൂ.
''നേരത്തെ 50 മുതൽ 80 രൂപ വരെ കിട്ടിയതാണ് കെട്ടിന്. ഇപ്പോഴത് 10 മുതൽ 15 രൂപ വരെയായി ഇടിഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്നു പ്രത്യേകിച്ച് ഒരു സഹായവുമില്ല.
ദാമോദരൻ,
വെറ്റില കർഷകൻ, കായണ്ണ.
''കച്ചവടം തീരെ മോശമായി. 2000 കെട്ടുകൾ വരെ ഒരിടത്തു നിന്നു അയച്ചുപോന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ ഏതാണ്ട് 700 കെട്ടുകളായി കുറഞ്ഞു.
സലാം, കച്ചവടക്കാരൻ,
മേലെ പാളയം.