രാമനാട്ടുകര: നാഷണൽ ഹൈവേ അതോറിറ്റിയുടെ അലംഭാവത്തിൽ കഴിഞ്ഞ ദിവസം രണ്ടു ജീവൻ കൂടി പൊലിഞ്ഞ രാമനാട്ടുകര ബൈപാസ് റോഡിൽ നാട്ടുകാരുടെ വേറിട്ട പ്രതിഷേധസമരം. അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ കത്തിച്ച മെഴുകുതിരിയും പിടിച്ചായിരുന്നു നില്പ്സമരം.
ഫ്ളൈ ഓവറിനു തെക്കുഭാഗത്തെ ജംഗ്ഷനിൽ വാരിക്കുഴികൾ രൂപപ്പെട്ടിട്ട് നാളുകൾ ഏറെയായി .
നിരന്തരം അധികാരികളെ പ്രശ്നം ധരിപ്പിച്ചിട്ടും ഇതുവരെ ആരും തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ച് രാമനാട്ടുകര മുനിസിപ്പാലിറ്റി ഏരിയാ റസിഡന്റ്‌സ് അസോസിയേഷൻ ഏകോപന സമിതി പ്രവർത്തകരാണ് സംഘടിച്ച് രംഗത്തിറങ്ങിയത്.
അപകടം നടന്ന കഴിഞ്ഞ ദിവസം ഈ കുഴികളിൽ അല്പം മെറ്റൽ കൊണ്ട് വന്ന് നിറച്ചിരുന്നു ഹൈവേ അതോറിറ്റിയുടെ കരാറുകാർ. മെറ്റൽ അടർന്നുമാറിയതോടെ കഴിഞ്ഞ ദിവസം ഈ കുഴിയിൽ വീണ ഒരു ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. സമരത്തിന് പ്രസിഡന്റ് ബഷീർ പറമ്പൻ , സിക്രട്ടറി കെ.സി.രവീന്ദ്രനാഥ് , രക്ഷാധികാരി ടി.പി.ശശിധരൻ എന്നിവർ നേതൃത്വം നൽകി.
.