വടകര: മഴക്കാലത്ത് താഴെ നോക്കി മാത്രമല്ല. കെട്ടിടത്തിനു മുകളിലേയ്ക്ക് കൂടി നോക്കി നടന്നില്ലെങ്കിൽ തലയിൽ മലിനജലവുമായി വീട്ടിൽപോകാം.കെട്ടിടങ്ങളിലെ മുകൾ നിലകളിൽ നിന്നും മലിനജലം നേരെ റോഡിലേയ്ക്കാണ് പൈപ്പ് വഴി ഒഴുക്കുന്നത്.

പുരോഗതിയിലേക്കുള്ള കുതിപ്പിൽ ശുചിത്വം ഒരു ഘടകമേ അല്ല എന്നാണ് ഉടമകളുടെ പക്ഷം. മൂന്നും നാലും നിലകളോടുകൂടിയ പല കോൺക്രീറ്റ് കെട്ടിടങ്ങളിലും നിയമാനുസൃതമായ സംരക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.

അതു കൊണ്ടു തന്നെ മഴക്കാലങ്ങളിൽ കെട്ടിടങ്ങളിലെ വെള്ളം നാനാഭാഗങ്ങളിൽ കൂടിയും താഴെ പതിക്കുന്നു. മലിനജലം നേരിട്ട് റോഡിലേക്കു കളയുമ്പോൾ താഴേകൂടി പോകുന്നയാളുടെ തലയിലാണ് പലപ്പോഴും വീഴുക. എന്നാൽ മഴവെള്ളത്തിന്റെ കൂടെ ആയതുകൊണ്ട് ആർക്കും മനസിലാവുകയുമില്ല. കെട്ടിടങ്ങളുടെ ടെറസുകൾ പലരും മാലിന്യങ്ങൾ തള്ളുന്നതിനായി മാറ്റിയിരിക്കയാണ്. കൂട്ടത്തിൽ ചിലർ ഇവിടം ഒളിഞ്ഞും തെളിഞ്ഞും മൂത്രപ്പുരകളായും ഉപയോഗപ്പെടുത്തുന്നു. വേനൽക്കാലത്ത് കുറേ ഭാഗം ബാഷ്പീകരിച്ചു പോകുമെങ്കിലും മാലിന്യങ്ങൾക്കിടയിൽ തങ്ങി നില്ക്കുന്നവ ഇവിടെ അഴുകിക്കിടക്കുകയാണ്.അങ്ങാടികളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ മൂർദ്ധാവിൽ തന്നെ പതിക്കുന്നതിനൊപ്പം റോഡിൽ കൂടി സഞ്ചരിക്കുന്നവർക്കാകെയും ഈ മാലിന്യത്തിൽ ചവിട്ടി നടക്കേണ്ടിയും വരുന്നു. കൂടാതെ കൊതുക് മുട്ടയിടാനും ഇവിടെ സാദ്ധ്യത കൂടുന്നു. പുരയിടങ്ങളിലും പറമ്പുകളിലും ടൗണുകളിലെ ഓടകളിലും കൊതുകു നശീകരണ പ്രവർത്തികളും ഡ്രൈ ഡേയും ആചരിക്കുമെങ്കിലും ടറസുകളിലെ ഈ മലിനവെള്ളം തലയിൽ വീഴുന്നതിന് മാത്രം നടപടിയില്ല. സർക്കാർ ആരോഗ്യ വകുപ്പിൽ ഏർപ്പെടുത്തുന്ന പരിഷ്ക്കാരങ്ങൾക്കൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധ ഇവിടെ ഇനിയുമുണ്ടായില്ലെങ്കിൽ മഴക്കാലം കനക്കുന്നതോടെ ജനങ്ങൾ തലയിൽ മാലിന്യവുമായി വീട്ടിൽ പോകേണ്ടി വരും