marayoor

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് നിലവിൽ വന്ന ലോക്ക് ഡൗൺ മറയൂരിലെ ചന്ദനലേലത്തേയും പ്രതികൂലമായി ബാധിച്ചു. ജൂലായ് മാസത്തിൽ നടത്താനിരുന്ന ഇ-ലേലം ആഗസ്റ്റിലേക്ക് മാറ്റിയതായി മറയൂർ ഡി.എഫ്.ഒ രഞ്ജിത് പറഞ്ഞു. ചന്ദന ഫാക്ടറിലെത്തിയ ചന്ദനത്തടികൾ ലോട്ടുകളാക്കുന്നതിനും വനത്തിനുള്ളിൽ കടപുഴകി വീണതും ഉണങ്ങിയതുമായ ചന്ദനമരങ്ങളും വേരുകളും ശേഖരിക്കാനുള്ള കാലതാമസമാണ് ലേലം മാറ്റിവയ്ക്കാൻ കാരണം. ചുരുക്കത്തിൽ, ചന്ദനലേലത്തിലൂടെ ലഭിക്കുന്ന കോടികൾ സർക്കാർ ഖജനാവിലെത്താൻ ഇനിയും മാസങ്ങൾ കാത്തിരിക്കണമെന്ന് സാരം. മറയൂർ ചന്ദനലേലത്തിലൂടെ പ്രതിവർഷം നൂറ് കോടിയോളം രൂപയാണ് ഖജനാവിലെത്തുന്നത്.

മറയൂരിലെ ചന്ദനഫാക്ടറിയിൽ ലേലത്തിനുള്ള ചന്ദനത്തടികൾ ലോട്ടുകളാക്കുന്ന പ്രവർത്തികൾ നടക്കുകയാണ്. ലോക്ക് ഡൗൺ നിലവിൽ വന്നതോടെ ഇതിൽ കാലതാമസം വന്നിട്ടുണ്ട്. എന്നാൽ, ലേലത്തിനാവശ്യമായ ചന്ദനം ഫാക്ടറിയിൽ സ്റ്റോക്കുണ്ടെന്നും കാട്ടിൽ വീണുകിടക്കുന്ന ചന്ദനതടികളും ചില്ലയും വേരുമെല്ലാം പൂർണമായി എത്തിക്കാൻ സാധിച്ചിട്ടില്ലെന്നും ഡി.എഫ്.ഒ വ്യക്തമാക്കി. കാറ്റും മഴയും കാരണം വനത്തിൽ വീണ് കിടക്കുന്ന ചന്ദനമരങ്ങൾ ഫാക്ടറിയിൽ എത്തിക്കാൻ ശ്രമിച്ചുവരികയാണ്. ആദിവാസി ഊരുകളിലുള്ളവരാണ് വനത്തിലുള്ളിൽ നിന്ന് ചന്ദനമരങ്ങൾ ഫാക്ടറിയിലെത്തിക്കുന്ന ജോലി ചെയ്തിരുന്നത്. ഊരുകളിലും കൊവിഡ് പടർന്നത് ശേഖരണത്തിന് തിരിച്ചടിയായി. കൂടാതെ ചന്ദനവേരുകൾ എടുക്കാനും കഴിഞ്ഞില്ല. ഏറ്റവും കൂടുതൽ ചന്ദന തൈലം ലഭിക്കുന്നത് വേരുകളിൽ നിന്നാണ്. അതുകൊണ്ടുതന്നെ ഇതിന് വില കൂടുതലുമാണ്.

ലേലത്തിന് ഘട്ടങ്ങൾ നാല്

നാലു ഘട്ടങ്ങളിലായിട്ടാണ് ചന്ദനലേലം നടക്കുന്നത്. ഇ-ലേലത്തിനായി 15 വിഭാഗങ്ങളിലായി 85 ടൺ ചന്ദനമാണ് മറയൂരിലെ ഗോഡൗണിൽ ചെത്തിയൊരുക്കിയിട്ടുള്ളത്. ലേലം നടക്കുന്ന കേരളത്തിലെ ഏക ഗോഡൗണാണ് മറയൂരിലേത്. കഴിഞ്ഞ സീസണിലെ ലേലത്തിൽ മാത്രം 17.92 ടൺ ചന്ദനം 20.90 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്.

ചൈന ബുദ്ധ് വിഭാഗത്തിൽപ്പെടുന്ന ചന്ദനത്തിനാണ് ഉയർന്ന വില. ഒരു കിലോ ചന്ദനത്തിന് 18,936 രൂപയാണ് ശരാശരി ലഭിക്കുക. കർണാടകത്തിലെ പൊതുമേഖല സ്ഥാപനമായ കർണാടക സോപ്സ് ആന്റ് ഡിറ്റർജന്റ് കമ്പനിയാണ് മറയൂരിൽ നിന്ന് കൂടുതൽ ചന്ദനം വാങ്ങുന്നത്. കഴിഞ്ഞ വർഷങ്ങളിൽ 90 ശതമാനവും വാങ്ങിയത് ഇവരാണ്.

ഇത്തവണയും ഈ കമ്പനി അടക്കം നിരവധിപേർ ലേലത്തിൽ പങ്കെടുക്കുമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. ദേവസ്വങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ കൂടുതലായി ലേലത്തിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലുമാണ് അധികൃതർ. ക്ഷേത്രങ്ങൾക്കായി ചെറുലോട്ടുകളും ലേലത്തിനായി ഇത്തവണ ഒരുക്കും. കൊൽക്കത്ത ആസ്ഥാനമായ മെറ്റൽസ് കാർപ്പ് ആന്റ് ട്രേഡിംഗ് കമ്പനിക്കാണ് ഇ- ലേലത്തിന്റെ നടത്തിപ്പു ചുമതല.

നികുതി 25 ശതമാനം

കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ലേലത്തിൽ വച്ചിരുന്നത് ക്ലാസ് 6 വിഭാഗത്തിൽപ്പെടുന്ന ബാഗ്ദാദ് ചന്ദനമാണ്. ഈ ഇനത്തിന് നികുതിയടക്കം 13,982 രൂപ ശരാശരി വില ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ വില ലഭിച്ചത് ക്ലാസ് രണ്ടിൽപ്പെട്ട ചൈനബുദ്ധ് ചന്ദനത്തിനാണ്. ഒരു കിലോയ്ക്ക് 18,936 രൂപയാണ് ശരാശരി വില.

കർണ്ണാടക സോപ്സ് ആന്റ് ഡിറ്റർജന്റ് കമ്പനി 2020ൽ 11.748 ടൺ ചന്ദനം വാങ്ങി. അതിലൂടെ നികുതിയടക്കം 16.03 കോടി രൂപയാണ് ഇവർ ഖജനാവിലെത്തിച്ചത്. തൃശൂർ ഔഷധി, കർണ്ണാടക ഹാൻഡി ക്രാഫ്റ്റ്‌സ്, മുളികുളങ്ങര കളരിക്കൽ ഭഗവതി ദേവസ്വം, തൃശൂർ ശ്രീ സീതാരാമസ്വാമി ക്ഷേത്രം, മൂന്നാർ കെ.എഫ്.ഡി.സി, അഡാർച്ചെ ട്രസ്റ്റ്, എറണാകുളം അംബുജ സെന്റർ എന്നിവരാണ് ഇ-ലേലത്തിൽ കഴിഞ്ഞവർഷങ്ങളിൽ എത്തിയിരുന്നത്. 18 ശതമാനം ജി.എസ്.ടി, 5 ശതമാനം ഫോറസ്റ്റ് ഡവലപ്മെന്റ് ടാക്സ്, 2 ശതമാനം സാധാരണ ടാക്സ് എന്നിങ്ങനെ 25 ശതമാനം നികുതി കൂടി അധികമായി കൊടുക്കേണ്ടിവരും.