lottery

കോട്ടയം: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ദുരിതത്തിലാണ് ജില്ലയിലെ മുപ്പതിനായിരത്തിലേറെ ലോട്ടറി ടിക്കറ്റ് വിൽപനക്കാർ. ഒരുമാസമായി ഇവർക്ക് വരുമാനമില്ല. ലോക്ക് ഡൗണിന് ശേഷം വിൽപന പുനരാരംഭിച്ചാലും നേരത്തേ നിർത്തിവച്ച 7 ലോട്ടറികളുടെ നറുക്കെടുപ്പാണ് ആദ്യം നടത്തുക. അതുകൊണ്ടു തന്നെ തൊഴിലാളികൾക്ക് വിൽപനയിലൂടെ വരുമാനം ലഭിക്കണമെങ്കിൽ പിന്നെയും കാത്തിരിക്കണം. അംഗപരിമിതർ,​ വൃദ്ധർ,​ സ്ത്രീകൾ തുടങ്ങിയവരുടെ ഉപജീവനമാർഗമാണ് ലോട്ടറി വിൽപന. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ക്ഷേമനിധി ബോർഡ് മുഖേന ബോർഡ് അംഗത്വമുള്ള ലോട്ടറി തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 2 തവണ 1000 രൂപ വീതം നൽകിയിരുന്നു. ലോട്ടറി ടിക്കറ്റ് എടുക്കുന്നതിനുള്ള ധനസഹായാർത്ഥം 3500 രൂപയുടെ ടിക്കറ്റ് നൽകുകയും ചെയ്തിരുന്നു. ഇത്തവണയും 1,000 രൂപ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും വിതരണം തുടങ്ങിയിട്ടില്ല.

ജില്ലയിൽ ക്ഷേമനിധിയിൽ അംഗത്വമുള്ളതിന്റെ മൂന്ന് ഇരട്ടിയിലേറെ ലോട്ടറി വിൽപനക്കാരുണ്ട്. റീട്ടെയിൽ വിൽപനക്കാരുടെ കൈയിൽ നിന്ന് ലോട്ടറികൾ വാങ്ങി വിൽപന നടത്തുന്നവരാണ് ഇതിലേറെയും. ഭാഗ്യക്കുറി വകുപ്പിന്റെയും ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് വെൽഫെയർ ബോർഡിന്റെയും കണക്കുകളിൽ ഇവർ പെട്ടിട്ടില്ലാത്തതിനാൽ ഇവർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല.

ആവശ്യങ്ങൾ

 ക്ഷേമനിധി അംഗങ്ങൾക്ക് 5000 രൂപ സഹായം വേണം

 5000 രൂപയുടെ ലോട്ടറി സൗജന്യമായി നൽകണം

 ലോട്ടറി വിൽപ്പനക്കാർ കൊവിഡ് വാക്സിൻ നൽകണം

ജില്ലയിൽ ലോട്ടറി വിൽപനക്കാർ: 30000

ക്ഷേമനിധിയിൽ അംഗത്വമുള്ളവർ: 9000

'' സർക്കാരിന് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന മേഖലകൂടിയാണെങ്കിലും അതിന് തക്ക പരിഗണന ലഭിക്കുന്നില്ല. വിറ്റുവരവിന്റെ ഒരു ശതമാനം തുക ക്ഷേമനിധി ബോർഡിനുള്ളതാണെങ്കിലും മുഴുൻ തുകയും നേരിട്ട് സർക്കാരിലേയ്ക്കാണ് പോകുന്നത്. ക്ഷേമനിധി ബോർഡ് വഴി ആനുകൂല്യങ്ങൾ നൽകണമെങ്കിൽ പോലും ധനവകുപ്പിൽ നിന്ന് പണം അനുവദിക്കും വരെ കാത്തിരിക്കേണ്ട ഗതികേടാണ്''

- ഫിലിപ്പ് ജോസഫ്, സംസ്ഥാന പ്രസിഡന്റ്,​

ഓൾ കേരള ലോട്ടറി ഏജന്റ്,​ ആൻഡ് സെല്ലേഴ്സ് കോൺഗ്രസ്