cow

ചങ്ങനാശേരി: കൊവിഡ് പ്രതിസന്ധിയ്ക്ക് പുറമെ മഴ കൂടി കനത്തതോടെ ക്ഷീര കർഷകരും ദുരിതത്തിലാണ്. പാൽ സംഭരണം ക്ഷീരസംഘങ്ങൾ വഴി നടക്കുന്നുണ്ടെങ്കിലും ചെറുകിട കർഷകർക്ക് ഏറെ ബുദ്ധിമുട്ടാണ്. മഴ കനത്തതിനാൽ തീറ്റപ്പുല്ല് ശേഖരിക്കാനാണ് ഏറെയും ബുദ്ധിമുട്ട്. ചിലയിടങ്ങളിൽ കാലിത്തീറ്റയ്ക്കും ക്ഷാമമാണ്. ഗോതമ്പ് തവിട്, പരുത്തിപിണ്ണാക്ക്, കാലിത്തീറ്റ തുടങ്ങിയവയ്ക്ക് വില ഉയർന്നതും കൊവിഡ് കാലത്ത് തിരിച്ചടിയായതായി കർഷകർ പറയുന്നു. പാലിന് പുറമെ ഉപോത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്തതും പ്രശ്‌നമാണ്. മഴക്കാലത്ത് ദൂര സ്ഥലങ്ങളിൽ നിന്നും കൂടുതൽ പുല്ല് ചെത്തി വാഹനങ്ങളിലെത്തിച്ചാണ് പലരും പശുക്കൾക്ക് നൽകിയിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഇതും ബുദ്ധിമുട്ടിലായി. മഴ ശക്തമായതിനാൽ പശുക്കളെ തൊഴുത്തിൽ തന്നെയാണ് കെട്ടുന്നത്. പറമ്പുകളിലേക്ക് ഇറക്കി കെട്ടാത്തതിനാൽ കൂടുതൽ തീറ്റ തേടണം. പച്ചപ്പുല്ലിന് പുറമെ കാലിത്തീറ്റയും കിട്ടാനില്ലെന്നാണ് കർഷകർ പറയുന്നത്.

പാൽ വിൽക്കാനാവാതെ...

ഗ്രാമപ്രദേശങ്ങളിൽ മിക്കവരും വീടുകളിൽ നിന്ന് പാൽ വാങ്ങുന്നത് കുറച്ചു. കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതിനാൽ പലരും വീടുകളിൽ പാൽ എത്തിച്ചു നൽകാറില്ല. മിക്കവരും ക്ഷീര സംഘങ്ങളിലാണ് പാൽ കൊടുക്കുന്നത്. വീടുകളിൽ ലിറ്ററിന് 50 രൂപയ്ക്കാണ് പാൽ കൊടുത്തിരുന്നത് എന്നാൽ ക്ഷീര സംഘങ്ങളിൽ ലിറ്ററിന് 35-40 രൂപ വരെ മാത്രമാണ് കിട്ടുന്നത്. വീടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ശരാശരി പത്ത് രൂപയിലധികം കുറവാണ് ഓരോ ലിറ്റർ പാലിനും കിട്ടുന്നത്. ഉപോത്പന്നങ്ങളായ തൈര്, നെയ്യ് തുടങ്ങിയവയ്ക്കും ആവശ്യക്കാർ കുറഞ്ഞു. ബേക്കറികളിലും മറ്റും നാടൻ പാലും തൈരും മുൻപ് നന്നായി വിറ്റിരുന്നു. എന്നാൽ കച്ചവടം കുറഞ്ഞതോടെ കൂടുതൽ വാങ്ങി വയ്ക്കാൻ കടക്കാരും മടിക്കുകയാണ്. ചെലവിന് ആനുപാതികമായ വരുമാനം നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് ഓരോ ക്ഷീര കർഷകനും ജീവിതം തള്ളി നീക്കുന്നത്.

കാലിത്തീറ്റ വിലയും ഉയർന്നു. ചിലയിടങ്ങളിൽ കാലിത്തീറ്റ കിട്ടാനില്ല. കാലിത്തീറ്റയ്ക്ക് പുറമെ ഗോതമ്പ് തവിട്, പിണ്ണാക്ക്, ചോളപ്പൊടി, പരുത്തിപിണ്ണാക്ക് തുടങ്ങിയ വസ്തുക്കളുടെ വില ഉയർന്നതും വെല്ലുവിളിയായി. പ്രമുഖ കാലിത്തീറ്റയ്ക്ക് വില ഒരു മാസത്തിനുള്ളിൽ 1280-ൽ നിന്നും 1330 ആയി ഉയർന്നു. 1050 രൂപ വിലയുണ്ടായിരുന്ന ഗോതമ്പ് തവിടിന് 1280 ആയി ഉയർന്നു. മിക്കയിടങ്ങളിലും ഗോതമ്പ് തവിട് കിട്ടാനില്ല. പരുത്തി പിണ്ണാക്കിന് കിലോ 30-ൽ നിന്നും 40 രൂപയോളമായി വില ഉയർന്നു. ചോളപ്പൊടിയ്ക്ക് 1050-ൽ നിന്നും 1250 ആയി വില ഉയർന്നു. ശരാശരി ഒരു കറവപശുവിന് അഞ്ചു കിലോയോളം തീറ്റ നൽകണം. പാൽ വിലയുമായി തരതമ്യപ്പെടുത്തുമ്പോൾ പണിക്കൂലി പോലും കിട്ടുന്നില്ലെന്നാണ് ക്ഷീര കർഷകർ പറയുന്നത്.