നെടുംകുന്നം: കൊവിഡ് രോഗികളെ സഹായിക്കുന്നതിന് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ജാഗ്രത സമിതിയംഗങ്ങൾ കൂലിവേലക്കിറങ്ങി. നെടുംകുന്നം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ജോ ജോസഫിന്റെ നേതൃത്വത്തിൽ വാർഡ് ജാഗ്രതാ സമിതിയംഗങ്ങളാണ് തങ്ങളുടെ വാർഡിൽ കൊവിഡ് രോഗത്താൽ കഷ്ടപ്പെടുന്നവരേയും ലോക്ക്ഡൗണിൽ തൊഴിൽ ചെയ്യുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരെയും സഹായിക്കുവാൻ വേണ്ടി പണം സമാഹരിക്കുവാൻ കൂലിവേല ചെയ്യുവാൻ തയ്യാറായി മുന്നോട്ടു വന്നത്.
ഇതിന്റെ ഭാഗമായി പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ നെടുംകുന്നം ഇലവുങ്കൽ കുഞ്ഞച്ചന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ റബ്ബർ തോട്ടത്തിലെ കാടും പടലും വെട്ടി തെളിക്കുകയും കാനകൾ വൃത്തിയാക്കുകയും ചെയ്തു. എല്ലാ ശനി, ഞായർ ദിവസങ്ങളിൽ പറമ്പു കിളക്കുക, കയ്യാലകൾ കെട്ടുക, കൃഷികൾക്ക് വളം ഇടുക, കാടുകൾ വെട്ടി വൃത്തിയാക്കുക തുടങ്ങിയ ജോലികൾ ചെയ്ത് പണം ശേഖരിക്കുവാനാണ് പഞ്ചായത്തംഗവും ജാഗ്രതാ സമിതി അംഗങ്ങളും തീരുമാനിച്ചിരിക്കുന്നത്.
വാർഡ് ജാഗ്രതാ സമിതി അംഗങ്ങളായ ശരത് ഗീതു മോഹൻ, ആദിത്യൻ കെ. ഉദയൻ, കെ.ആർ. ശരൺ രാജ് , അഫിൻ അനിൽ, അനന്ദു പ്രസന്നൻ, ശ്രീജിത്ത് കെ. പ്രകാശ്, ഇ.എസ്. സനോജ് , സഞ്ജിത് മേലെപ്പടിക്കൽ, നിതിൻ രാജേഷ്, സുരാജ് ഉമ്പുകാട്ട്, അൽത്താഫ് സലിം, പി.എം. മനു , അമൽ എം. മേനോൻ, വിശാൽ, എസ്. സജിൻ , കണ്ണൻ, കെ.വി അനീഷ് , എസ്. നന്ദു എന്നിവർ സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായി.