joshy

കോട്ടയം : യു.ഡി.എഫിൽ നിന്ന് കൂടുതൽ നേതാക്കൾ ഇടതുമുന്നണിയിലേയ്ക്കെത്തുമെന്ന ജോസ് കെ മാണിയുടെ അവകാശവാദം ഉണ്ടയില്ലാ വെടിയാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചതായുള്ള ജോസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം അടിസ്ഥാനഹിതമായ പ്രസ്താവനകൾ നടത്തുന്നവർ സ്വയംഅപഹാസ്യരാവുകയാണ്. ഏത് പ്രതിസന്ധിയേയും അതിജീവിയ്ക്കാനുള്ള രാഷ്ട്രീയ - പോരാട്ടവീര്യം കോൺഗ്രസിനുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മുന്നണി വിട്ടുപോയിട്ടും വോട്ടുവിഹിതത്തിൽ ജില്ലയിൽ യു.ഡി.എഫിനും കോൺഗ്രസിനും വലിയ വർദ്ധനവാണുണ്ടായത്. എന്നിട്ടും നിറം പിടിപ്പിച്ച നുണകളാണ് പ്രചരിപ്പിക്കുന്നത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളായ പാലായിലേയും കടുത്തുരുത്തിയിലേയും പരാജയമടക്കം മറച്ചുപിടിക്കാനാണ് സി.പി.എം പരിചരണത്തിൽ പുഷ്ടിപ്പെട്ട ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.