മുണ്ടക്കയം: പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സന്ദേശമുയർത്തി ആദിവാസി കുടിലിൽ സമ്മാനങ്ങളുമായി അധികൃതരെത്തി.കാഞ്ഞിരപ്പള്ളി ബി.ആർ.സിയുടെ നേതൃത്വത്തിൽ കുഴിമാവ് ഗവ. എൽ പി സ്‌കൂളിൽ പ്രവേശനം നേടിയ പെരിയാർ ടൈഗർ റിസർവിൽ മുക്കുഴി,കുറ്റിക്കയം വനാന്തരത്തിൽ കഴിയുന്ന ആദിവാസി ഗോത്ര വിഭാഗമായ മല പണ്ടാര കുട്ടികളുടെ കുടിയിലേയ്ക്ക് മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ സന്ദേശവും, മധുര പലഹാരങ്ങളും , പുത്തനുടുപ്പുകളും , പുസ്തകങ്ങളും പഠനോപകരണങ്ങളും എത്തിച്ചത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ സനൽകുമാർ കെ.കെ, ട്രെയിനർ ശിവദാസ് വി.കെ , പ്രഥമാദ്ധ്യാപിക വൽസല പി.എ , പി.ടി.എ പ്രസിഡന്റ്ര് സന്തോഷ് കുമാർ പി.പി എന്നിവർ കുട്ടികളെ സ്വാഗതം ചെയ്തു.
പ്രവാസിയായ പി.എൻ ഖബീർ കുട്ടികൾക്ക് പുത്തനുടുപ്പുകൾ നൽകി.
കഴിഞ്ഞ അധ്യായന വർഷം ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ ഓൺലൈൻ പഠനം ഉറപ്പുവരുത്തുന്നതിന് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ വനാതിർത്തിയോട് ചേർന്ന് സമൂഹ്യപഠനകേന്ദ്രം ആരംഭിച്ചിരുന്നു. ഈ അധ്യായന വർഷവും മുഴുവൻ കുട്ടികൾക്കും മതിയായ സൗകര്യങ്ങൾ ഒരുക്കി നൽകുമെന്ന് ബി.പി.സി അറിയിച്ചു.