train

കോട്ടയം: കേരളത്തിന് നല്കിയ വാക്ക് ദക്ഷിണ റെയിൽവേക്ക് പാലിക്കാൻ സാധിക്കുമോയെന്ന് സംശയം. ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത വേഗത്തിൽ പൂർത്തീകരിക്കാൻ പുതിയ കരാറുകാരനെ ഏല്പിച്ചു. ഡിസംബറിൽ ഇരട്ടപ്പാതയിലൂടെ ട്രെയിൻ ഓടിത്തുടങ്ങുമെന്നായിരുന്നു ദക്ഷിണ റെയിൽവേ ഒരു വർഷം മുമ്പ് അറിയിച്ചിരുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പൂർത്തിയാക്കാനാണ് പുതിയ കരാറുകാരന് നല്കിയിട്ടുള്ള നിർദ്ദേശം.

ആദ്യഘട്ട കൊവിഡ് വ്യാപനവും രണ്ടാം ഘട്ട വ്യാപനവും പാത ഇരട്ടിപ്പിക്കൽ ജോലി മന്ദഗതിയിലാക്കി. തൊഴിലാളികൾ കൂട്ടത്തോടെ ബംഗാളിലേക്ക് മടങ്ങിയതും തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ കൊവിഡ് പടർന്നതും ജോലിക്ക് തടസമായി. ഇതോടെയാണ് പാലങ്ങളുടെ പണികൾ സ്തംഭനാവസ്ഥയിലായത്.

നീലിമംഗലത്ത് മീനച്ചിലാറിന് കുറുകെയുള്ള പാലം, ​ കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തെ ഇരട്ടത്തുരങ്കത്തിന് പകരമുള്ള പുതിയ പാത,​ മുട്ടമ്പലം അടിപ്പാത,​ കൊടുരാർ പാലം, ​ മണിപ്പുഴ ,​ പാക്കിൽ,​ കുറ്റിക്കാട്ട് അമ്പലം പ്രദേശങ്ങളിലെ പാലങ്ങൾ,​ പൂവന്തുരുത്ത് മേൽപാലം എന്നിവയാണ് ഇനിയും പൂർത്തിയാവാനുള്ളത്. സമയബന്ധിതമായി പാലങ്ങളുടെ പണി പൂർത്തീകരിക്കാനാണ് നീക്കം.

ഇരട്ടപ്പാത നിർമ്മാണം ആരംഭിച്ചിട്ട് വർഷങ്ങളായിട്ടും ഇനിയും മൂന്ന് പ്രദേശത്തുകൂടി സ്ഥലം ഏറ്റെടുക്കാനുണ്ട്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഏകദേശം ധാരണയായിട്ടുള്ളതായാണ് അറിയുന്നത്. മൂന്നു മാസത്തിനകം സ്ഥലം ലഭിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷയും. പൂവന്തുരുത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള സ്ഥലം,​ ജില്ലാ ജയിലിന് സമീപത്തെ സ്ഥലം,​ പ്ലാന്റേഷൻ കോർപ്പറേഷന്റെ സമീപത്തെ സ്ഥലം എന്നിവയാണ് ഏറ്റെടുക്കാനുള്ളത്. ഇതുകൂടി ലഭിച്ചാലെ ഇരട്ടപ്പാത നിർമ്മാണം പൂർത്തിയാക്കാനാവൂ..

പൂവന്തുരുത്ത് റെയിൽവേ മേൽപാലത്തിന് സമീപം കഴിഞ്ഞ ദിവസം മണ്ണിടി‌ഞ്ഞിരുന്നു. ഇത് നിർമ്മാണത്തെ ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. പാതയിലേക്ക് വീണ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

റെയിൽവേ ലൈൻ വൈദ്യുതീകരിക്കാനുള്ള നടപടികളും ആരംഭിച്ചു, ഡിസംബറാവാൻ ഇനി ആറു മാസമില്ല. ഇതിനിടയിൽ പണി പൂർത്തീകരിക്കാൻ സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.