ventilator

കോട്ടയം: ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്ക് ലഭിച്ച നോൺ ഇൻവേസീസ് വെന്റിലേറ്ററുകളിൽ മിക്കതും തകരാറിൽ.  പി.എം. കെയർ പദ്ധതിയിൽ ഒരു വർഷത്തിനിടെ ലഭിച്ചതാണിത്. 21 എണ്ണത്തിൽ 9 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആദ്യ കൊവിഡ് വ്യാപന സമയത്താണ് മുഖാവരണം വഴി ഓക്സിജൻ ലഭ്യമാക്കുന്ന വെന്റിലേറ്ററുകൾ ലഭ്യമാക്കിയത്. മെഡിക്കൽകോളേജ് ആശുപത്രിയിലും കോട്ടയം ജനറൽ ആശുപത്രിയിലും പത്ത് എണ്ണം വീതവും പാലാ ജനറൽ ആശുപത്രിയിൽ ഒന്നും എത്തിച്ചു. ഇതിൽ മിക്കതും ആഴ്ചകൾക്കുള്ളിൽ തന്നെ തകരാറിലായി. എല്ലാ ഗ്യാരന്റി കാലാവധിയുള്ളവയാണ്.

ഗുരുതര നിലയിലുള്ള രോഗികൾക്ക് ആവശ്യമായി വന്നതോടെയാണ് വെന്റിലേറ്ററുകൾ അറ്റകുറ്റപ്പണി നടത്താൻ ശ്രമിച്ചത്. കോട്ടയം,​ പാലാ ജനറൽ ആശുപത്രിയിൽ തകരാറിലായിരുന്ന വെന്റിലേറ്ററുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബയോ മെഡിക്കൽ വിഭാഗം ഏറ്റെടുത്ത് കൊണ്ടുവന്നു.

കമ്പനി മെക്കാനിക്കുകളെ വരുത്തി അറ്റകുറ്റപ്പണിക്ക് ശ്രമിച്ചെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഞ്ച് എണ്ണവും കോട്ടയം ജനറൽ ആശുപത്രിയിലെ നാല് എണ്ണവും മാത്രമാണ് നന്നാക്കാനായത്. ഗുണനിലവാരം സംബന്ധിച്ച് ഡോക്ടർമാർ തുടക്കത്തിലേ പരാതി ഉന്നയിച്ചിരുന്നു. ഓരോന്നിനും 1.5 ലക്ഷം രൂപ ചെലവിട്ടാണ് വാങ്ങിയത്. വേഗത്തിൽ മാറ്റാൻ കഴിയുന്ന പോർട്ടബിൾ വെന്റിലേറ്ററുകളായും ഇവ ഉപയോഗിച്ചിരുന്നു.