കോട്ടയം: തുടർച്ചയായി രണ്ടാം സീസണും കൊവിഡ് മഹാമാരി കവർന്നെടുത്തതോടുകൂടി അക്ഷരാർത്ഥത്തിൽ ദുരിതത്തിലായിരിക്കുകയാണ് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലുള്ളവർ. ലോക്ക്ഡൗൺ പ്രഖ്യാപനത്തോടെ ഒരു വരുമാനവും ഇല്ലാതായി. കല്യാണം, ചരമം ചടങ്ങുകളെല്ലാം നിയന്ത്രണവിധേയമായതോടെ ആ വരുമാനവും അടഞ്ഞു. കടക്കെണിയിൽപ്പെട്ട് ജീവിതം മുന്നോട്ടു നിൽക്കാനാവാതെ ദുരിതക്കയത്തിലാണ് ഉടമകളും തൊഴിലാളികളും. എങ്കിലും കൊവിഡിനെതിരെ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം മൈക്കുകൾ ലൈറ്റുകളും മറ്റും നൽകി സഹായത്തിന് ഒപ്പമുണ്ടിവർ. 900ത്തോളം ലൈറ്റ് ആൻഡ് സൗണ്ട്സ് സ്ഥാപനങ്ങളും നാലായിരത്തോളം തൊഴിലാളികളുമാണ് ജില്ലയിൽ ഈ മേഖലയിലുള്ളത്.
രാപ്പകൽ ഭേദമില്ലാതെ 24 മണിക്കൂറും തൊഴിലിൽ ഏർപ്പെട്ട് നാട്ടിലാകെ ശബ്ദവും വെളിച്ചവും പകർന്നു നൽകിയതാണിവർ. കഴിഞ്ഞ ഉത്സവ സീസണിന്റെ തൊട്ടുമുൻപാണ് മേഖല പ്രതിസന്ധിയിലായത്. സീസൺ മുന്നിൽക്കണ്ട് വാങ്ങിയ വില കൂടിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പോലും കഴിഞ്ഞില്ല. ഉത്സവങ്ങളും പരിപാടികളും നിലച്ചതോടെ പലരും മറ്റ് കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയാണ്.