bilal

കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ ഒരു വർഷമായിട്ടും വിചാരണ പൂർത്തിയായില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ ഫൊറൻസിക് പരിശോധനാ ഫലം ലഭിക്കാത്തതാണ് വിചാരണയെ ബാധിച്ചത്.

2020 ജൂൺ ഒന്നിനാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60), മുഹമ്മദ് സാലി (65) എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്തിയത്. രണ്ടു ദിവസത്തിനു ശേഷം പ്രതി പാറപ്പാടം വേളൂർ മാലിയിൽ പറമ്പിൽ ബിലാലിനെ (24) അറസ്റ്റ് ചെയ്തു. വൈകാതെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തിരുന്നു. കേസ് വിചാരണയ്‌ക്കായി സെഷൻസ് കോടതിയിലേയ്‌ക്കു മാറ്റാൻ തയ്യാറെടുക്കുന്നതിനിടെയാണ് നിർണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ പ്രതിഭാഗത്തിന് നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടത്. അപ്പോഴാണ് സൈബർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഫലം ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂട്ടർ അറിയിച്ചത്.