tourism

കോട്ടയം: കോട്ടയം, ആലപ്പുഴ ജില്ലകളിൽ കായൽ ടൂറിസവുമായി ബന്ധപ്പെട്ട മുഴുവൻ റിസോർട്ട്, ഹോം സ്റ്റേ, ഹൗസ് ബോട്ട് ജീവനക്കാർക്കും മുൻഗണനാ വിഭാഗത്തിൽ പെടുത്തി കൊവിഡ് വാക്സിൻ നൽകുന്നു. ലോക് ഡൗണിനു ശേഷം കായൽ ടൂറിസം മേഖല സജീവമാകുമ്പോൾ ടൂറിസ്റ്റുകൾക്ക് കൊവിഡ് ഭയം കൂടാതെ എത്തുന്നതിനാണിത്.

18 നും 44 വയസിനുമിടയിലുള്ള 70 ശതമാനം പേർ ആലപ്പുഴ, കുമരകം മേഖലകളിൽ ഇതിനകം വാക്സിനേഷൻ സ്വീകരിച്ചു. ഹോംസ്റ്റേ, ഹൗസ് ബോട്ട് മേഖലകളിലെ ആയിരത്തിലേറെപ്പേർ രജിസ്ട്രേഷൻ നടത്തിയതായി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ പറഞ്ഞു. കുമരകത്ത് വിവിധ റിസോർട്ടുകളിലെയും ഹോം സ്റ്റേകളിലെയും 1146 പേരിൽ 548 പേർ ആദ്യ ഡോസ് എടുത്തു.

ഹോട്ടൽ മേഖലയിലുള്ള 413 ജീവനക്കാരിൽ 289 പേർ വാക്സിനേഷൻ എടുത്തതായി ചേംബർ ഒഫ് വേമ്പനാട്ട് ഹോട്ടൽ ആൻഡ് റിസോർട്ട് പ്രസിഡന്റ് കെ.അരുൺകുമാർ പറഞ്ഞു. മുഴുവൻ ജീവനക്കാരും വാക്സിനേഷൻ എടുക്കുന്നതോടെ കൊവിഡ് സുരക്ഷയേറും. ടൂറിസ്റ്റുകൾ ഇനി വരണമെങ്കിൽ ജീവനക്കാർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സർക്കാർ നിർബന്ധമാക്കിയേക്കാം.

കൊവിഡിൽ റിസോർട്ടുകൾ അടച്ച്, ഹൗസ് ബോട്ടുകൾ നിശ്ചലമായിട്ട് ഒരു വർഷമായി . കോടികളുടെ നഷ്ടം ഉണ്ടായി. ലോക്ക് ഡൗൺ ഇടയ്ക്ക് നീക്കിയെങ്കിലും രണ്ട് മാസം പോലും തുറക്കാനായില്ല. ടൂറിസം അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട നൂറു കണക്കിന് ആളുകളും മറ്റു തൊഴിൽ തേടാൻ നിർബന്ധിതരായി.

ആദ്യ കൊവിഡ് കാലത്ത് ഹൗസ് ബോട്ട് മേഖലയെ സഹായിക്കാൻ സർക്കാർ ഗ്രാന്റ് അനുവദിച്ചിരുന്നു. രണ്ടു മുറിവരെയുള്ള ബോട്ടുകൾക്ക് 80000 രൂപ, നാല് മുറി വരെ ഒരു ലക്ഷം, അതിനു മുകളിൽ ഒന്നര ലക്ഷം എന്നിങ്ങനെ ഗ്രാന്റ് അനുവദിച്ചെങ്കിലും ഭൂരിപക്ഷം ബോട്ടുടമകൾക്കും ലഭിച്ചില്ല. സർവേ സർട്ടിഫിക്കറ്റുള്ള ബോട്ടുകൾക്ക് മാത്രമായിരുന്നു ഗ്രാന്റ് . ബോട്ട് ‌അറ്റകുറ്റപണി നടത്തിയാലേ സർവേ സർട്ടിഫിക്കറ്റ് ലഭിക്കു. ഡോക്കിൽ കയറ്റാൻ മാത്രം അരലക്ഷം രൂപയാകും. മറ്റ് പണികൾ പൂർത്തിയാകുമ്പോൾ ലക്ഷങ്ങളാകും. സാമ്പത്തിക പ്രതിസന്ധി കാരണം അറ്റകുറ്റപ്പണി നടത്താത്തതിനാൽ പത്തു ശതമാനം ബോട്ടുകൾക്കേ ഗ്രാന്റ് ലഭിച്ചുള്ളൂ.

 യുവാക്കളിൽ 70 ശതമാനം ജീവനക്കാർ വാക്സിൻ സ്വീകരിച്ചു

 ഹോട്ടൽ മേഖലയിൽ വാക്സിൻ സ്വീകരിച്ചത് 289 ജീവനക്കാർ

 ഹോം സ്റ്റേകളിലെ 548 പേർക്ക് ആദ്യ ഡോസ് ലഭിച്ചു

'രജിസ്ടേഷൻ നമ്പരുള്ള മുഴുവൻ ഹൗസ് ബോട്ടുകൾക്കും ഗ്രാന്റ് അനുവദിച്ചാൽ കടത്തിൽ മുങ്ങി നിൽക്കുന്ന ഹൗസ് ബോട്ട് മേഖലയിലുള്ളവർക്ക് ആശ്വാസമായേനേൊ.

- ഷനോജ് കുമാർ,

ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി പ്രസിഡന്റ് കുമരകം