vishnu


അടിമാലി: വിഷ്ണുവിനായി നാടാകെയുള്ള സുമനസുകൾ സഹായ ഹസ്തങ്ങളുമായി എത്തിയിട്ടും എല്ലാവരെയും ദു:ഖത്തിലാഴ്ത്തി യാത്രയായി. കമ്പിളി കണ്ടം താന്നിയ്ക്കൽ വിഷ്ണു (23) ആണ് ഇന്നലെ വെല്ലൂർ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്.മജ്ജ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി രണ്ടു മാസക്കാലമായി വെല്ലൂരിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്കായി 25 ലക്ഷത്തോളം രൂപ ആവശ്യമായിരുന്നു. അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഇന്റീരിയർ ഡിസൈനിംഗ് തൊഴിലാളിയായിരുന്ന വിഷ്ണുവിന് തുക താങ്ങാവുന്നതിനപ്പുറമായിരുന്നു. നാട്ടുകാരുടെ അകമഴിഞ്ഞ സഹായമില്ലാതെ വിഷ്ണുവിന് ജീവിതം തിരിച്ചു പിടിയ്ക്കാനാവുമായിരുന്നില്ല. സുഹൃത്തുക്കളും, നാട്ടുകാരും വിഷ്ണുവിനായി രംഗത്തിറങ്ങി. മേഖലയിലെ ക്ലബ്ബുകളും സന്നദ്ധസംഘടനകളും, കലാകാരൻമാരും അങ്ങനെ നാനാതുറകളിലുള്ളവർ കൈകോർത്തതോടെ സഹായങ്ങൾ ഒഴുകിയെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണുവിന്റെ ശസ്ത്രക്രിയ കഴിഞ്ഞ മാസമാദ്യം വിജയകരമായി നടത്തി. രണ്ടു ദിവസം മുമ്പ്അപ്രതീക്ഷിതമായി അണുബാധയുണ്ടായതിനെത്തുടർന്ന് സ്ഥിതി വഷളാവുകയായിരുന്നു. ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചു.നിർമാണത്തൊഴിലാളിയായ മണിയാണ് പിതാവ്. മാതാവ്: വിജയമ്മ, സഹോദരി: വീണ. സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.