പാലാ: വാക്‌സിൻ വിതരണം ചെയ്യുന്നതിനുള്ള ഓൺലൈൻ സംവിധാനം ഒഴിവാക്കി എല്ലാവർക്കും വാക്‌സിൻ നൽകുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. നിലവിൽ വാക്‌സിൻ വിതരണത്തിനുള്ള സ്ലോട്ടുകൾ ലഭ്യമായി മിനിറ്റുകൾക്കകം ബുക്കിംഗ് പൂർത്തിയാകുന്ന സാഹചര്യമാണുള്ളത്. ഇന്റർനെറ്റ് പരിജ്ഞാനമില്ലാത്ത സാധാരണക്കാരും പാവപ്പെട്ടവരുമായ ആളുകൾക്ക് ഇതുമൂലം വാക്‌സിൻ ലഭ്യമാകുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണ്. കിഴക്കൻ മലയോര മേഖലയിലെ പല പ്രദേശങ്ങളിലും മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമാകാത്തത് മൂലം ഓൺലൈൻ സംവിധാനം വഴി വാക്‌സിൻ ബുക്ക് ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. എല്ലാ മേഖലയിലും തുല്യമായി വാക്‌സിൻ വിതരണം ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ തയാറാകണമെന്നും ഷോൺ ജോർജ് പറഞ്ഞു.