മുണ്ടക്കയം: കോരുത്തോട് ബസ് സ്റ്റാൻഡ്നിർമ്മിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി പത്തു വർഷം മുൻപ് പഞ്ചായത്ത് ഭൂമി വാങ്ങിയിട്ടും പദ്ധതി എങ്ങുമെത്തിയില്ല. നാൽപ്പത്തിയഞ്ച് സെന്റ് ഭൂമിയാണ് വ്യക്തികളിൽ നിന്ന് വാങ്ങിയത്. ഒന്നിലധികം ആളുകൾക്ക് വഴി നൽകുന്നതിനായി ഉടമ നേരത്തെ വിൽപ്പന നടത്തിയ ഏഴ് സെന്റ് സ്ഥലം സറണ്ടർ ചെയ്യിക്കുന്നതിന് പകരം വില നൽകി പഞ്ചായത്ത് വാങ്ങിയത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച കേസ് ഇപ്പോഴും കോട്ടയം വിജിലൻസ് കോടതിയിൽ നിലനിൽക്കുകയാണ് .ശബരിമലയിലേയ്ക്കുള്ള പ്രധാന വഴികൾ കടന്നു പോകുന്ന പ്രദേശമായതിനാൽ സ്റ്റാന്റിനായി മാറ്റിയിട്ട സ്ഥലത്ത് 2004-05 കാലഘട്ടത്തിൽ ശബരിമല തീർത്ഥാടകർക്ക് ബ്ലോക്ക് പഞ്ചായത്ത് 17 ലക്ഷം രൂപ വിനിയോഗിച്ച് വിശ്രമകേന്ദ്രം നിർമ്മിച്ചെങ്കിലും തുറന്ന് നൽകിയിട്ടില്ല. നിലവിൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണിവിടം.
@പാർക്ക് ചെയ്യാൻ ഇടമില്ല ബസുകൾക്ക്
പ്രതിദിനം സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി യു മടക്കം 45 ട്രിപ്പുകളാണ് കോരുത്തോട്, കുഴിമാവ് പ്രദേശങ്ങളിലേയ്ക്ക് സർവീസ് നടത്തുന്നത്. ഇതിൽ ഒൻപത് ബസുകൾ കോരുത്തോട് ടൗണിൽ പ്രധാന റോഡിലും മറ്റ് വ്യക്തികളുടെ പുരയിടത്തിലുമാണ് രാത്രി പാർക്ക് ചെയ്യുന്നത്. പകൽ സമയത്തും റോഡരികിൽ ബസുകൾ പാർക്ക് ചെയ്യുന്നത് കാൽനട യാത്രക്കാർക്കും ദുരിതമാണ്. വീതികുറഞ്ഞ റോഡിൽ തന്നെയാണ് ഓട്ടോറിക്ഷകളും പാർക്ക് ചെയ്യുന്നത്. സ്വകാര്യ വാഹനങ്ങളിലെത്തുന്നവർ പാർക്ക് ചെയ്യുവാൻ സ്ഥലം കിട്ടാതെ വലയുകയാണ്.
@
നിലവിൽ വസ്തു സംബന്ധിച്ച് കേസ് നിലനിൽക്കുകയാണ്. അന്തിമ വിധി അനുകൂലമായാൽ ഇക്കര്യത്തിൽ അടിയന്തിര തീരുമാനം ഉണ്ടാകും
സന്ധ്യാ വിനോദ്, പഞ്ചായത്ത് പ്രസിഡന്റ്