അയ്മനം: ഓരുമുട്ട് പൊളിച്ചുനീക്കാത്തത് വെള്ളപ്പൊക്കം രൂക്ഷമാക്കാൻ കാരണമാകുമെന്ന് പരാതി. കടലിലെ ഉപ്പുവെള്ളം ആറുകളിലേയ്ക്ക് കയറാതിരിക്കാൻ നിർമ്മിക്കുന്ന ഓരുമുട്ട് കാലവർഷം എത്തുന്നതിന് തൊട്ടു മുൻപ് പൊളിച്ചുനീക്കുകയായിരുന്നു പതിവ്. പല വർഷങ്ങളിലും കുറച്ച് ഭാഗം കിഴക്കൻവെള്ളം വന്ന് തള്ളിപോകുകയും ബാക്കി കരാറുകാരൻ നീക്കം ചെയ്യുകയുമാണ് പതിവ്. എന്നാൽ സമീപകാലത്ത് ഇത് കൃത്യമായി നടക്കാറില്ല. ഓരുമുട്ട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടാണ് വർഷങ്ങളായി നടക്കുന്നത്. മെയ് നാലിന് സ്ഥാപിച്ചതിന്റെ പിറ്റേ ദിവസം കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ താഴത്തങ്ങാടിയിലെയും കല്ലുമടയിലെയും ഓരുമുട്ടുകൾ തകർന്നിരുന്നു. താഴത്തങ്ങടിയിലെ ഓരുമുട്ട് കരാറുകാരൻ പൊളിച്ച് നീക്കിയെങ്കിലും അയ്മനം കല്ലുമടയിലെ കുറച്ച് ഭാഗം ഒലിച്ച് പോയതല്ലാതെ ബാക്കി ഭാഗം പൊളിച്ച് നീക്കിയിട്ടില്ല. ഇത് വെള്ളം ഒഴുകി പോകുന്നതിന് തടസം സൃഷ്ടിക്കുകയാണ്.ഇത് കല്ലുമട 14 ,12 വാർഡുകളിൽ വെളപ്പൊക്കം രൂക്ഷമാക്കും. അടിയന്തിരമായി ഓരുമുട്ട് പൊളിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓരുമുട്ട് നിർമ്മാണത്തിൽ വ്യാപക ക്രമക്കേട് നടക്കുന്നതിനാൽ സ്ഥിരമായി ഷട്ടർ സ്ഥാപിക്കണമെന്ന് സി.പി.ഐ ' അയ്മനം ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി.എം.അനി ആവശ്യപ്പെട്ടു.