ചങ്ങനാശേരി: കാലവർഷത്തിന് മുന്നൊരുക്കമായി മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി മേഖലയിലെ ജലാശയങ്ങളിലെ പോള നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു. ചങ്ങനാശേരി ആലപ്പുഴ ബോട്ട് റൂട്ട് കനാലിലെയും എസി കനാലിലേക്കുള്ള ഉപകനാലുകളിലെയും പോള നീക്കുന്ന ജോലികളാണ് നടത്തുന്നത്. ഇരു ജോലികൾക്കുമായി എട്ടരലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ചീഫ് എൻജിനീയറുടെ പ്രീമൺസൂൺ എമർജൻസി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ജോലികൾ പുരോഗമിക്കുന്നത്. കാലവർഷം ശക്തമാകുന്നതിന് മുൻപായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പോള നീക്കുന്നത് സംബന്ധിച്ച് അഡ്വ ജോബ് മൈക്കിൾ എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
ചങ്ങനാശേരി ബോട്ട് ജെട്ടി മുതൽ വെട്ടിത്തുരുത്ത് പള്ളി വരെയുള്ള ഭാഗത്തെ ജലപാതയിലെ പോളയാണ് നീക്കം ചെയ്യുന്നത്. പോള നീക്കം ചെയ്തശേഷം നിർത്തിവെച്ചിരിക്കുന്ന ബോട്ട് സർവീസ് പുനരാരംഭിക്കും. ലോക്ക് ഡൗണും കൊവിഡും മൂലമാണ് ജോലികൾ നീണ്ടുപോയത്. എ.സി കനാലിലേക്കുള്ള ഉപകനാലുകളായ പെരുമ്പുഴക്കടവ് തോട്, പാറയ്ക്കൽ തോട് എന്നിവിടങ്ങളിലെ പോളയും നീക്കം ചെയ്യും.
രക്ഷാപ്രവർത്തനം വേഗത്തിലാക്കും
പ്രളയ കാലത്ത് കുട്ടനാടുകാരെ ചങ്ങനാശേരിയിലേക്ക് എത്തിക്കാൻ പ്രധാന പങ്ക് വഹിക്കുന്നത് ജലപാതകളാണ്. മുൻ വർഷങ്ങളിൽ ജലപാതകളിൽ പോളയും മാലിന്യവും നിറഞ്ഞത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.